കഴിഞ്ഞ സാന്പത്തികവർഷം രാജ്യം നേടിയത് 7.2 ശതമാനം വളർച്ച
Thursday, June 1, 2023 12:51 AM IST
ന്യൂഡൽഹി: കഴിഞ്ഞ സാന്പത്തികവർഷത്തിൽ (2022-23) രാജ്യം 7.2 ശതമാനം സാന്പത്തികവളർച്ച കൈവരിച്ചുവെന്ന് ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ കണക്കുകൾ.
നടപ്പു സാന്പത്തികവർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 6.1 ശതമാനം വളർച്ച കൈവരിച്ചതായും ജിഡിപി സംഖ്യകളിൽ ഇനിയും വർധനവ് ഉണ്ടാകുമെന്നും എൻഎസ്ഒ വ്യക്തമാക്കി.
റിസർവ് ബാങ്ക് ഉൾപ്പെടെയുള്ള സാന്പത്തിക ഏജൻസികൾ കഴിഞ്ഞ സാന്പത്തികവർഷം രാജ്യത്തിന് പരമാവധി ഏഴു ശതമാനം വളർച്ചാനിരക്ക് പ്രവചിച്ച സാഹചര്യത്തിൽ 7.2 ശതമാനം സാന്പത്തികവളർച്ച നേടിയത് മികച്ച നേട്ടമാണെന്ന് മുഖ്യ സാന്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരൻ പറഞ്ഞു.
മുൻ സാന്പത്തികവർഷത്തെ 9.1 ശതമാനം വളർച്ചാനിരക്കിനെ അപേക്ഷിച്ചു കഴിഞ്ഞ സാന്പത്തികവർഷം പ്രതീക്ഷിച്ചതിലും കൂടിയ വളർച്ചാനിരക്കാണ് രാജ്യം കൈവരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 2023 ഏപ്രിലിൽ എട്ട് പ്രധാന ഇൻഫ്രാസ്ട്രക്ചർ മേഖലകളിലെ ഉത്പാദന വളർച്ച ആറു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 3.5 ശതമാനമായി കുറഞ്ഞതാണ് മുൻവർഷത്തെ അപേക്ഷിച്ച് വളർച്ചാനിരക്ക് കുറയുന്നതിനു കാരണമായതെന്നും മുഖ്യ സാന്പത്തിക ഉപദേഷ്ടാവ് കൂട്ടിച്ചേർത്തു.
ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, റിഫൈനറി ഉൽപന്നങ്ങൾ, വൈദ്യുതി എന്നിവയുടെ ഉത്പാദനത്തിലാണ് ഇടിവുണ്ടായത്. കഴിഞ്ഞവർഷം മേയിൽ 2021-22 സാന്പത്തികവർഷത്തെ രാജ്യത്തിന്റെ വളർച്ചാനിരക്ക് 8.7 ശതമാനമായിരുന്നുവെന്നാണ് ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ട കണക്ക്. എന്നാൽ 2022 ഒക്ടോബർ-ഡിസംബർ പാദത്തിൽ രാജ്യം 4.5 ശതമാനം സാന്പത്തികവളർച്ച നേടിയെന്നുള്ള പുതുക്കിയ എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിലാണ് 2021-22 സാന്പത്തികവർഷത്തിൽ രാജ്യം 9.1 ശതമാനം വളർച്ച നേടിയതായി എൻഎസ്ഒ വ്യക്തമാക്കിയത്.
2022 ഏപ്രിലിൽ രാജ്യത്തെ പ്രധാന ഉത്പാദന, സേവന മേഖലകൾ 9.5 ശതമാനവും 2023 മാർച്ചിൽ പ്രധാന ഇൻഫ്രാ മേഖലകൾ 3.6 ശതമാനവും വളർച്ച രേഖപ്പെടുത്തി. 2022 ഒക്ടോബറിനുശേഷം 2023 ഏപ്രിലിലാണ് രാജ്യത്ത് ഏറ്റവും കുറഞ്ഞ വളർച്ചാനിരക്ക് (0.7%) രേഖപ്പെടുത്തിയത്. 2022-23 ലെ ജിഡിപി വളർച്ചാനിരക്ക് ആഗോള വെല്ലുവിളികൾ നേരിടുന്നതിനുള്ള ഇന്ത്യൻ സന്പദ്വ്യവസ്ഥയുടെ പ്രതിരോധശേഷിയെ അടിവരയിടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.