ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്കു മുന്നേറ്റം
Saturday, May 27, 2023 1:04 AM IST
കൊച്ചി: വായ്പയുടെയും നിക്ഷേപത്തിന്റെയും വളര്‍ച്ചയുടെ കാര്യത്തില്‍ 2022-23 കാലയളവില്‍ പൊതുമേഖല വായ്പാദാതാക്കളില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര (ബിഒഎം) ഒന്നാമതെത്തി. ഈ വര്‍ഷം 126 ശതമാനം വളര്‍ച്ചയോടെ 2,602 കോടി രൂപയുമായി പൂനെ ആസ്ഥാനമായുള്ള ബാങ്ക് ലാഭക്ഷമതയിലും ഏറ്റവും ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തി.
കഴിഞ്ഞ മാര്‍ച്ചില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര വായ്പയില്‍ 29.4 ശതമാനം കുതിച്ചുചാട്ടത്തോടെ 1,75,120 കോടി രൂപ രേഖപ്പെടുത്തി. നിക്ഷേപ വളര്‍ച്ചയുടെ കാര്യത്തില്‍ 15.7 ശതമാനം വര്‍ധന രേഖപ്പെടുത്തി. 2023 മാര്‍ച്ച് അവസാനത്തോടെ 2,34,083 കോടി രൂപ സമാഹരിക്കുകയും ചെയ്തു. കുറഞ്ഞ നിരക്കിലുള്ള കറന്റ് അക്കൗണ്ട്-സേവിംഗ്സ് അക്കൗണ്ട് (കാസ) നിക്ഷേപത്തില്‍ 53.38 ശതമാനം നേടി ഒന്നാം സ്ഥാനം നിലനിര്‍ത്തി.
മൊത്തത്തിലുള്ള ബിസിനസ് വളര്‍ച്ചയിലും ബാങ്ക് ഒന്നാം സ്ഥാനത്താണ്, 21.2 ശതമാനത്തോടെ 4,09,202 കോടി രൂപ. റീട്ടെയില്‍, കാര്‍ഷിക, എംഎസ്എംഇ (റാം) വായ്പകളുടെ കാര്യത്തില്‍ ബാങ്ക് 24.06 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.