ഒല ഇലക്ട്രിക് ഓഹരി വിപണിയിലേക്ക്; ഐപിഒ ഈ വര്ഷം
Friday, May 26, 2023 12:59 AM IST
മുംബൈ: ഈ വർഷം അവസാനത്തോടെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാൻ (ഐപിഒ) നീക്കവുമായി ഒല ഇലക്ട്രിക്. ഓഹരിവില്പനയിൽ ഉപദേശം നൽകുന്നതിനായി ഇൻവെസ്റ്റ്മെന്റ് ബാങ്കായ ഗോൾഡ്മാൻ സാക്സിനെയും കോട്ടക് മഹീന്ദ്രയെയും നിയമിച്ചു. കൂടുതൽ നിക്ഷേപ ബാങ്കുകൾ ഇടപാടിൽ പങ്കാളിയാകുമെന്നാണു കരുതപ്പെടുന്നത്.
സോഫ്റ്റ്ബാങ്ക് ഗ്രൂപ്പും ടൈഗർ ഗ്ലോബൽ മാനേജ്മെന്റും പ്രധാന നിക്ഷേപകരായ ഒല ഇലക്ട്രിക്കിനു കഴിഞ്ഞ വർഷം 500 കോടി ഡോളറാണു മൂല്യം നിശ്ചയിച്ചിരുന്നത്. ഐപിഒയിലൂടെ ഒല ഇലക്ട്രിക് ലക്ഷ്യമിടുന്ന കൃത്യമായ മൂലധനക്കണക്ക് ലഭ്യമല്ലെങ്കിലും 500 കോടി ഡോളറിൽ കൂടുതലാകുമെന്നാണു സൂചന.
ലിസ്റ്റ് ചെയ്യുന്നതിനുള്ള ഏറ്റവും കുറഞ്ഞ 10 ശതമാനം ഓഹരി ഒല ഇലക്ട്രിക് വിറ്റഴിച്ചാലും നിലവിലെ വിലയിൽ ഈ വർഷത്തെ ഇന്ത്യൻ വിപണിയിൽ ഏറ്റവും വലിയ ഐപിഒയാകുമിത്.