ബന്ദികൾ പട്ടിണിമൂലം മരണാസന്നരെന്നു റിപ്പോർട്ട്
Wednesday, August 6, 2025 2:05 AM IST
ജറൂസലെം: ഹമാസ് ബന്ദികളാക്കിയവർ പട്ടിണി മൂലം മരണാസന്നരാണെന്ന് ഹോസ്റ്റേജസ് ആൻഡ് മിസിംഗ് ഫാമിലീസ് ഫോറം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
ബന്ദികളായ റോം ബ്രാസ്ലാവ്സ്കിയും എവ്യാതർ ഡേവിഡും വളരെ ക്ഷീണിതരായി കാണപ്പെടുന്ന വീഡിയോകൾ പുറത്തുവന്നതിനു പിന്നാലെയാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
ഹമാസ് ഇസ്രയേലിൽനിന്നു തട്ടിക്കൊണ്ടുപോയ ബന്ദികളിൽ കുറഞ്ഞത് 20 പേരെങ്കിലും ജീവിച്ചിരിപ്പുണ്ടെന്നാണ് കരുതപ്പെടുന്നത്.
ഡേവിഡിന്റെയും ബ്രാസ്ലാവ്സ്കിയുടെയും വീഡിയോകൾ, മോചിതരായ ബന്ദികളുടെ സാക്ഷ്യങ്ങൾ, കൊല്ലപ്പെട്ടവരുടെ പരിശോധനകൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് മൂന്ന് മെഡിക്കൽ, പൊതുജനാരോഗ്യ വിദഗ്ധർ ചേർന്നു തയാറാക്കിയ ഈ റിപ്പോർട്ട്.
“ഗാസയിൽ ഇപ്പോഴും ജീവനോടെയുള്ള ബന്ദികൾ മനഃപൂർവവും വ്യവസ്ഥാപിതവുമായ പട്ടിണി അനുഭവിക്കുന്നുവെന്നാണു മനസിലാക്കേണ്ടത്.
കഠിനമായ പട്ടിണിയുടെ ഈ അവസ്ഥ പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുകയും ഉടനടി മരണത്തിനുള്ള സാധ്യത സൃഷ്ടിക്കുകയും ചെയ്യുന്നു.”-റിപ്പോർട്ടിൽ പറയുന്നു.
ഹമാസ് ബന്ദികളാക്കി വച്ചിരിക്കുന്നവരെ മനഃപൂർവം പട്ടിണിക്കിടുകയാണെന്ന് ബന്ധുക്കളെ പ്രതിനിധീകരിക്കുന്ന സംഘം പുറത്തിറക്കിയ പത്രക്കുറിപ്പിലും ആരോപിച്ചിട്ടുണ്ട്.