എപ്സ്റ്റെയിൻ കേസ്: ക്ലിന്റൺ ദന്പതികൾക്ക് സമൻസ്
Wednesday, August 6, 2025 11:50 PM IST
വാഷിംഗ്ടൺ ഡിസി: ജയിലിൽ മരിച്ച ബാലപീഡകൻ ജഫ്രി എപ്സ്റ്റെയിന്റെ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്ന യുഎസ് ഹൗസ് കമ്മിറ്റി മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ, അദ്ദേഹത്തിന്റെ ഭാര്യയും മുൻ വിദേശകാര്യ സെക്രട്ടറിയുമായ ഹില്ലരി ക്ലിന്റൺ തുടങ്ങിയവർക്കു സമൻസ് നോട്ടീസ് അയച്ചു.
എപ്സ്റ്റെയിനുമായുള്ള ബന്ധത്തിൽ ഇരുവരിൽനിന്നും മൊഴിയെടുക്കും. എപ്സ്റ്റെയിന്റെ സ്വകാര്യ ജെറ്റ് വിമാനത്തിൽ ബിൽ ക്ലിന്റൺ പലവട്ടം പറന്നതായി റിപ്പോർട്ടുണ്ട്.
ജഫ്രി എപ്സ്റ്റെയിനെ 2019ൽ മാൻഹട്ടനിലെ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് ഔദ്യോഗിക വിശദീകരണം.
രാഷ്ട്രീയ, ധനകാര്യ, മാധ്യമ മേഖലകളിലെ ഉന്നതർക്ക് എപ്സ്റ്റെയിനുമായി ഇടപാടുകളുണ്ടായിരുന്നുവെന്ന് ആരോപിക്കപ്പെടുന്നു.
മുൻ അറ്റോർണി ജനറൽ മെറിക് ഗാർലന്റ് അടക്കം നിയമവകുപ്പിലെ മുൻ ഉന്നത ഉദ്യോഗസ്ഥരോടും മൊഴി നൽകാൻ ഹാജരാകണമെന്ന് ഹൗസ് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.