റഷ്യൻ ഡ്രോണുകളിൽ ഇന്ത്യൻ നിർമിത ഘടകങ്ങൾ കണ്ടെത്തിയെന്നു യുക്രെയ്ൻ
Tuesday, August 5, 2025 11:44 PM IST
കീവ്: റഷ്യൻ സൈന്യം തങ്ങൾക്കെതിരേ ഉപയോഗിച്ച ഡ്രോണുകളിൽ ഇന്ത്യയിൽ നിർമിച്ചതോ കൂട്ടിച്ചേർക്കപ്പെട്ടതോ ആയ ഇലക്ട്രോണിക് ഘടകങ്ങൾ കണ്ടെത്തിയെന്ന് യുക്രെയ്ൻ.
റഷ്യൻ സൈന്യം യുക്രെയ്നെതിരേ ഉപയോഗിച്ച ഇറാൻ രൂപകല്പന ചെയ്ത ഷാഹെദ് 136 ഡ്രോണുകളിൽ ഇന്ത്യൻ കന്പനികളായ വിഷായ് ഇന്റർടെക്നോളജി, ഔറ സെമി കണ്ടക്ടർ എന്നിവ നിർമിച്ച ഇലക്ട്രോണിക് ഘടകങ്ങൾ കണ്ടെത്തിയെന്നാണ് ആരോപണം. ഈ വിഷയം ഇന്ത്യൻ സർക്കാരിനെയും യൂറോപ്യൻ യൂണിയനെയും അറിയിച്ചതായി യുക്രെയ്ൻ അറിയിച്ചു.
വിഷായ് ടെക്നോളജി നിർമിച്ച ബ്രിഡ്ജ് റെക്ടിഫയർ ഡ്രോണിന്റെ വോൾട്ടേജ് യൂണിറ്റിലും ഔറ സെമി കണ്ടക്ടർ നിർമിച്ച സിഗ്നൽ ജനറേറ്റർ ചിപ്പ് ഡ്രോണിന്റെ ജാമർ പ്രൂഫ് ആന്റിനയിലും കണ്ടെത്തിയെന്നാണ് യുക്രെയ്ൻ ആരോപണം.
വിഷയത്തെക്കുറിച്ചു പ്രതികരിക്കവെ ഇന്ത്യ വ്യത്യസ്ത ഉപയോഗത്തിനുള്ള വസ്തുക്കൾ കയറ്റുമതി ചെയ്യുന്നുണ്ടെന്നും ആണവ നിർവ്യാപനത്തിനായുള്ള അന്താരാഷ്ട്ര ബാധ്യതകൾക്ക് അനുസൃതമായും ശക്തമായ ആഭ്യന്തര നിയമ, നിയന്ത്രണ ചട്ടക്കൂടിനെ അടിസ്ഥാനമാക്കിയുമുള്ളതാണ് ഇത്തരം കയറ്റുമതിയെന്നും വിദേശകാര്യ വക്താവ് രൺധീപ് ജയ്സ്വാൾ പറഞ്ഞു.