അനധികൃത കുടിയേറ്റക്കാർക്കെതിരേ ബ്രിട്ടനിലും നടപടി ശക്തമാക്കി
Wednesday, February 12, 2025 2:43 AM IST
ലണ്ടൻ: അമേരിക്കയ്ക്കു പിന്നാലെ ബ്രിട്ടനിലും അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടു കടത്താൻ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ഇന്ത്യൻ റസ്റ്ററന്റുകൾ, ബാറുകൾ, കൺവീനിയന്റ് സ്റ്റോറുകൾ, കാർ വാഷ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വ്യാപക പരിശോധന നടന്നുവരികയാണ്.
ആഭ്യന്തര വകുപ്പിനു കീഴിലുള്ള ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റ് വിഭാഗമാണു പല സംഘങ്ങളായി തിരിഞ്ഞു പരിശോധന നടത്തുന്നത്. കഴിഞ്ഞമാസം നടത്തിയ പരിശോധനയിൽ 609 അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ അറിയിച്ചു.
റസ്റ്ററന്റുകള്‍, കഫേകള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു കൂടുതലും പേര് നിയമവിരുദ്ധ ജോലികളില്‍ ഏര്‍പ്പെട്ടിരുന്നതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.
വടക്കന്‍ ഇംഗ്ലണ്ടിലെ ഹംബര്‍സൈഡിലുള്ള ഒരു ഇന്ത്യന്‍ റസ്റ്ററന്റില്‍നിന്നു മാത്രം ഏഴു പേരെ അറസ്റ്റ് ചെയ്തു. തന്റെ സര്‍ക്കാര്‍ അനധികൃത കുടിയേറ്റത്തിനെതിരാണെന്നു തെളിയിക്കാന്‍ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ സമ്മര്‍ദത്തിലാണെന്നാണു റിപ്പോർട്ട്.