മിൽട്ടൺ ചുഴലിക്കൊടുങ്കാറ്റ്: ഫ്ലോറിഡയിൽ ലക്ഷങ്ങളെ ഒഴിപ്പിച്ചു
Thursday, October 10, 2024 1:34 AM IST
താന്പ: മിൽട്ടൻ ചുഴലിക്കൊടുങ്കാറ്റ് ഭീഷണിയിൽ അമേരിക്കയിലെ ഫ്ലോറിഡ സംസ്ഥാനത്ത് ലക്ഷങ്ങളോട് ഒഴിഞ്ഞുപോകാൻ നിർദേശം. സംസ്ഥാനത്തെ 67 കൗണ്ടികളിൽ 51ലും അടിയന്തര ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
കാറ്റഗറി അഞ്ചിൽനിന്നു നാലിലേക്കു താഴ്ന്നെങ്കിലും ചുഴലിക്കൊടുങ്കാറ്റിന് 260 കിലോമീറ്റർ വേഗമുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ വൃത്തങ്ങൾ പറഞ്ഞു. കൊടുങ്കാറ്റിനോടനുബന്ധിച്ച് 38 സെന്റിമീറ്റർ വരെ മഴയും മിന്നൽപ്രളയവും ഉണ്ടാകാം. തീരപ്രദേശത്ത് അഞ്ചു മീറ്റർ ഉയരത്തിൽ തിരയടിക്കാം.
ഫ്ലോറിഡ സംസ്ഥാന സർക്കാർ ഒട്ടേറെ അഭയകേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. സ്കൂളുകൾക്ക് ചൊവ്വാഴ്ച മുതൽ അവധിയാണ്. കൊടുങ്കാറ്റ് ഭീഷണി അകന്നശേഷമേ താന്പ, ഒർലാന്റോ നഗരങ്ങളിലെ വിമാനത്താവളങ്ങളിൽ സർവീസ് പുനരാരംഭിക്കൂ.
നൂറ്റാണ്ടിനിടെ ഫ്ലോറിഡ നേരിടുന്ന ഏറ്റവും വിനാശകാരിയായ ചുഴലിക്കൊടുങ്കാറ്റായിരിക്കും ഇതെന്നും എല്ലാവരും ഒഴിഞ്ഞുപോകണമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നിർദേശിച്ചു.
ദുരിതാശ്വാസപ്രവർത്തനങ്ങൾക്കു നേതൃത്വം നല്കേണ്ടതിനാൽ ബൈഡന്റെ ജർമനി, അംഗോള സന്ദർശനങ്ങൾ മാറ്റിവച്ചതായി വൈറ്റ്ഹൗസ് അറിയിച്ചു.
ഹെലീൻ എന്ന ചുഴലിക്കൊടുങ്കാറ്റ് അമേരിക്കയുടെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ദുരിതം വിതച്ച് രണ്ടാഴ്ചയ്ക്കുശേഷമാണു മിൽട്ടൻ എത്തുന്നത്. ഹെലീൻ ചുഴലിക്കാറ്റ് 227 പേരുടെ മരണത്തിനിടയാക്കി.