ദക്ഷിണ കൊറിയയിൽനിന്നു മോഷ്ടിച്ച ബസുമായി ഉത്തര കൊറിയയിലേക്കു
കടക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
Thursday, October 3, 2024 12:56 AM IST
സിയൂൾ: ഉത്തരകൊറിയയിൽനിന്നു ദക്ഷിണകൊറിയയിലേക്ക് കൂറുമാറിയെത്തി പത്തു വർഷം തങ്ങിയശേഷം മോഷ്ടിച്ച ബസുമായി ഉത്തരകൊറിയയിലേക്കു കടക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ.
ഇരു കൊറിയകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാജുവിലെ യൂണിഫിക്കേഷൻ ബ്രിഡ്ജിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. മുപ്പതുകാരനെയാണ് പിടികൂടിയത്. മോഷ്ടിച്ച ബസുമായി കനത്ത സുരക്ഷയുള്ള അതിർത്തി കടക്കാൻ ശ്രമിക്കവെ സൈനികർ ഇയാളെ തടഞ്ഞെങ്കിലും മുന്നോട്ടുപോയി. സൈന്യം പിന്തുടർന്നതോടെ ബസ് നിയന്ത്രണം വിട്ടു പാലത്തിന്റെ ബാരിക്കേഡിൽ ഇടിച്ചുനിൽക്കുകയായിരുന്നു.
വടക്കൻ നഗരമായ പാജുവിലെ ഒരു ഗാരേജിൽനിന്ന് ചൊവ്വാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് ഒന്നിനാണ് യുവാവ് ബസ് മോഷ്ടിച്ചത്. അരമണിക്കൂറിനുശേഷം പിടിക്കപ്പെടുകയും ചെയ്തു. ദിവസവേതനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു ഇയാൾ.
എഴുതപതിലധികം വർഷങ്ങൾക്കുമുമ്പ് കൊറിയൻ ഉപദ്വീപ് വിഭജിക്കപ്പെട്ടതിനുശേഷം ഏകദേശം 34,000 ഉത്തര കൊറിയക്കാർ ദക്ഷിണ കൊറിയയിലേക്ക് കൂറുമാറിയെങ്കിലും തിരികെ ഉത്തരകൊറിയയിലേക്കു മടങ്ങാൻ ശ്രമിക്കുന്നവർ വിരളമാണ്.