ഇസ്രയേലിൽ ഇറാന്റെ മിസൈൽ ആക്രമണം
Wednesday, October 2, 2024 4:10 AM IST
ടെൽ അവീവ്: ലബനനിൽ ഇസ്രയേൽ കരയുദ്ധം ആരംഭിച്ചിരിക്കേ ഇസ്രയേലിൽ മിസൈൽ ആക്രമണം നടത്തി ഇറാൻ. നൂറിലേറെ മിസൈലുകളാണ് ഇറാൻ തൊടുത്തത്.
ഇസ്രയേലിൽ ഉടൻതന്നെ ബാലിസ്റ്റിക് മിസൈൽ ആക്രമണം ഉണ്ടാകുമെന്ന് വൈറ്റ്ഹൗസിലെ ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇസ്രയേലിനെ സംരക്ഷിക്കാൻ അമേരിക്ക ഒരുക്കങ്ങൾ നടത്തുന്നതായും ഇറാൻ വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്നും വൈറ്റ്ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കി.
അതേസമയം, ഇന്നലെ വൈകുന്നേരം ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിലെ ജാഫയിൽ ഭീകരാക്രമണത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. ഏഴു പേർക്കു പരിക്കേറ്റു. ആക്രമണം നടത്തിയ രണ്ടു ഭീകരരെയും വധിച്ചെന്നു പോലീസ് അറിയിച്ചു.
ഹിസ്ബുള്ളയ്ക്കെതിരേ വ്യോമാക്രമണം തുടരുന്നതിനിടെയാണ് ഇസ്രേലി സേന ലബനനിൽ കരയുദ്ധം ആരംഭിച്ചത്. തെക്കൻ ലബനനിലെ പ്രാദേശികതലത്തിൽ പരിമിതമായ ഓപ്പറേഷൻ ആരംഭിച്ചതായി ഇസ്രയേൽ അറിയിച്ചു. അതിർത്തിയോടു ചേർന്നുള്ള ഗ്രാമങ്ങളിലാണ് ഇസ്രയേൽ ടാങ്കുകൾ പ്രവേശിച്ചത്. വ്യോമസേനയും സൈന്യത്തിന്റെ പീരങ്കി വിഭാഗവും ദൗത്യത്തിൽ പങ്കാളികളാണ്.
അതിർത്തിയിലെ ലബനീസ് ഗ്രാമങ്ങളിലുള്ളവരോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടു. 25 ഗ്രാമങ്ങളിലെ ആളുകൾ എത്രയും വേഗം വീടുവിട്ട് അതിർത്തിയിൽനിന്നും 60 കിലോമീറ്റർ മാറി അവാലി നദിയുടെ വടക്ക് ഭാഗത്തേക്കു മാറണമെന്നാണു നിർദേശം. സമൂഹമാധ്യമമായ എക്സിലൂടെയാണ് നിർദേശം നല്കിയത്.
തെക്കൻ ലബനനിലെ പലസ്തീൻ അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടതായി ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച പുലർച്ചെ സീദോനിലെ ഇൻ എൽ ഹിൽവെ അഭയാർഥി ക്യാമ്പിനു നേർക്കാണ് ആക്രമണമുണ്ടായത്. ലെബനനിലെ 12 അഭയാർഥി ക്യാമ്പുകളിൽ ഏറ്റവും വലുതാണിത്.
പലസ്തീൻ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസിന്റെ ഫത്താ ഗ്രൂപ്പിലെ ജനറൽ മുനീർ മക്ദയുടെ വീടിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ മക്ദയുടെ മകനും മരുമകളും മറ്റൊരു സ്ത്രീയും മൂന്ന് കുട്ടികളുമാണ് കൊല്ലപ്പെട്ടത്.
തുറമുഖ നഗരമായ സീദോനിൽ ഓഗസ്റ്റിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മക്ദയുടെ സഹോദരൻ ഖലീൽ മക്ദ കൊല്ലപ്പെട്ടിരുന്നു.