ഹിസ്ബുള്ള തലവനെ ഇസ്രയേൽ വധിച്ചു
Sunday, September 29, 2024 3:06 AM IST
ബെയ്റൂട്ട്: ലെബനനിലെ ഹിസ്ബുള്ള ഭീകരസംഘടനയുടെ പരമോന്നത നേതാവിനെ വധിച്ച് ഇസ്രേലി സേന. ഹിസ്ബുള്ള ആസ്ഥാനത്തിനുനേരേ ഇസ്രയേൽ നടത്തിയ കനത്ത ആക്രമണത്തിലാണ് ഹിസ്ബുള്ളയുടെ പരമോന്നത നേതാവ് ഹസൻ നസറുള്ളയും ഇറേനിയൻ വിപ്ലവഗാർഡ് ഡെപ്യൂട്ടി കമാന്‍ഡര്‍ അബ്ബാസ് നില്‍ഫോറുഷാനും കൊല്ലപ്പെട്ടത്.
ഇറാന്റെ പിന്തുണയോടെ ഹിസ്ബുള്ളയെ മധ്യേഷ്യയിലെ അതിശക്തമായ അർധസൈനികവിഭാഗമായും രാഷ്ട്രീയശക്തിയായും വളർത്തിയെടുത്തത് 64കാരനായ ഹസൻ നസറുള്ളയാണ്.
ലെബനീസ് തലസ്ഥാനമായ ബെയ്റൂട്ടിന് തെക്ക് ദാഹിയേയിലുള്ള ഹിസ്ബുള്ള ആസ്ഥാനം ഉൾപ്പെടെ 140 ഇടങ്ങളിൽ വെള്ളിയാഴ്ചയാണ് ഇസ്രേലി സേന അതിശക്തമായ ആക്രമണം അഴിച്ചുവിട്ടത്. ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളെന്നു കരുതുന്ന കിഴക്കന്‍ മേഖലയിലെയും തെക്കന്‍ മേഖലയിലെയും കേന്ദ്രങ്ങൾ തെരഞ്ഞുപിടിച്ചായിരുന്നു ആക്രമണം. ജനവാസ കേന്ദ്രങ്ങളിലെ നിരവധി ബഹുനില മന്ദിരങ്ങൾ തകര്‍ത്ത ആക്രമണത്തെത്തുടര്‍ന്ന് ആകാശംമുട്ടെ പുകപടലം ഉയര്‍ന്നു.
നസറുള്ളയുടെ മരണം ഹിസ്ബുള്ള നേതൃത്വവും ഇസ്രയേൽ പ്രതിരോധ മന്ത്രാലയവും (ഐഡിഎഫ്) ഇന്നലെയാണു സ്ഥിരീകരിച്ചത്. ഈ ആക്രമണത്തിലാണ് അബ്ബാസ് നില്ഫോറുഷാന് കൊല്ലപ്പെട്ടതെന്ന് ഇറാനും വ്യക്തമാക്കി. വ്യോമാക്രമണത്തിൽ നസറുള്ളയുടെ മകൾ സൈനബയും കൊല്ലപ്പെട്ടതായി വാർത്തകളുണ്ട്.
ഇസ്രയേലിന്റെ തോക്കിന് ഇരയാകുമെന്ന ഭീതിയിൽ വർഷങ്ങളായി പൊതുവേദിയിൽനിന്ന് അകന്നു കഴിയുന്ന നസറുള്ളയുടെ വധം മേഖലയെ കൂടുതൽ സംഘർഷഭരിതമാക്കിയേക്കും. ഇസ്രയേലിന്റെ നടപടി ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ഇറാനും പ്രതികരിച്ചുകഴിഞ്ഞു. ലെബനൻ അതിർത്തിയിലേക്ക് ഇസ്രയേൽ കൂടുതൽ യുദ്ധടാങ്കുകളും കവചിതവാഹനങ്ങളും എത്തിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
ഇസ്രയേൽ-ഹിസ്ബുള്ള സംഘർഷത്തിന് ദശകങ്ങളുടെ പഴക്കമുണ്ടെങ്കിലും ഗാസയിൽ കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ഭീകരാക്രമണമാണ് ഇപ്പോഴത്തെ സംഘർഷത്തിന് തുടക്കമിട്ടത്.
ഹിസ്ബുള്ളയ്ക്കെതിരേ സൈനികനടപടി അവസാനിപ്പിക്കില്ലെന്ന് യുഎന്നിൽ ഇസ്രയേൽ പറഞ്ഞതിനു പിന്നാലെയായിരുന്നു നസറുള്ളയുടെ വധത്തിൽ കലാശിച്ച ആക്രമണം. വ്യോമാക്രമണം ഇന്നലെയും ഇസ്രേലി സേന തുടർന്നു.
ലബനനിൽനിന്നുള്ള റോക്കറ്റ് ആക്രമണത്തെത്തുടർന്ന് ബെക്കാ താഴ്വര ലക്ഷ്യമിട്ട് മാത്രം പ്രതിരോധം തീർക്കുകയായിരുന്നുവെന്നാണ് ഇസ്രേലി സൈന്യം പറയുന്നത്. എന്നാൽ കഴിഞ്ഞ തിങ്കളാഴ്ചയ്ക്കുശേഷം ഇസ്രേലി ആക്രമണത്തിൽ എണ്ണൂറിലധികം പേർ കൊല്ലപ്പെട്ടതായാണ് ലബനൻ പറയുന്നത്.
മധ്യേഷ്യയിലെ സംഭവവികാസങ്ങൾ ആശങ്കാജനകമാണെന്ന് യുഎൻ പ്രതികരിച്ചു.