ഇസ്രയേലിൽ കനത്ത സുരക്ഷ, വിമാനസർവീസുകൾ റദ്ദാക്കി
Sunday, September 29, 2024 3:06 AM IST
ടെൽ അവീവ്: ഹിസ്ബുള്ള തലവൻ ഹസൻ നസറുള്ളയെ വധിച്ചതിനു പിന്നാലെ ഇസ്രയേലിലെങ്ങും സുരക്ഷ ശക്തമാക്കി. വടക്കൻ ഇസ്രയേലിൽ തുറന്ന സ്ഥലങ്ങളിൽ പത്തു പേർക്കും അകത്ത് 150 പേർക്കുമായി ഒത്തുചേരലുകൾ പരിമിതപ്പെടുത്തി.
തലസ്ഥാനമായ ടെൽ അവീവ് നഗരമുൾപ്പെടുന്ന മധ്യ ഇസ്രയേലിൽ ആയിരത്തിലധികം പേർ പങ്കെടുക്കുന്ന പരിപാടികൾ നിരോധിച്ചു. ആവശ്യം വന്നാൽ സുരക്ഷാ മുൻകരുതലുകൾ അറിയിക്കുമെന്ന് സൈനികവക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹാഗാരി പറഞ്ഞു.
ടെൽ അവീവിലേക്കുള്ള മിക്ക വിമാനസർവീസുകളും റദ്ദാക്കി. ചില സർവീസുകൾ വൈകുകയുമാണ്. നാളെ വൈകുന്നേരം ആറുവരെയാണു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. അതേസമയം, യെമനിൽനിന്ന് ഇസ്രയേൽ ലക്ഷ്യമാക്കി ഇന്നലെ തൊടുത്ത മിസൈൽ രാജ്യത്ത് എത്തുന്നതിനുമുമ്പ് തടഞ്ഞതായി ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു.
മിസൈലാക്രമണ സൂചന ലഭിച്ചതോടെ ജനങ്ങൾക്ക് അപായസന്ദേശം നൽകിയതായും പ്രതിരോധ വക്താവ് കൂട്ടിച്ചേർത്തു. യെമനിലെ ഹൂതി വിമതരാണ് മിസൈലാക്രമണം നടത്തിയത്.