പാക്കിസ്ഥാനിൽ ഗോത്രങ്ങൾ തമ്മിൽ സംഘർഷം; 36 മരണം
Friday, September 27, 2024 12:17 AM IST
പെഷവാർ: പാക്കിസ്ഥാനിൽ രണ്ടു ഗോത്രങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 36 പേർ കൊല്ലപ്പെടുകയും 80 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിൽ അഫ്ഗാൻ അതിർത്തിയോടു ചേർന്ന മലയോര മേഖലയായ ഖുറമിൽ ബൊഷെഹ്ര, മഖ്ബാൽ ഗോത്രവിഭാഗങ്ങളാണു ഭൂമിതർക്കത്തിന്റെ പേരിൽ ആറു ദിവസമായി ഏറ്റുമുട്ടുന്നത്.
മരിച്ചവരുടെ എണ്ണം ഇതിലും വളരെ കൂടുതലാണെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗോത്രനേതാക്കളും പോലീസും തമ്മിൽ ചർച്ച നടത്തിയിട്ടും സംഘർഷത്തിന് അയവില്ല.
ഇന്നലെയും വെടിവയ്പുണ്ടായി. ജൂലൈയിൽ ഇതേ ഗോത്രങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 50 പേർ കൊല്ലപ്പെട്ടിരുന്നു.