ലബനനിൽ വീണ്ടും ഇസ്രേലി വ്യോമാക്രമണം; 51 മരണം
Wednesday, September 25, 2024 11:52 PM IST
ബെയ്റൂട്ട്: ഹിസ്ബുള്ളകൾ ടെൽ അവീവിലേക്കു മിസൈൽ തൊടുത്തതിനു പിന്നാലെ ഇസ്രേലി വ്യോമസേന വീണ്ടും ലബനനിൽ വ്യാപക ആക്രമണം നടത്തി. ഹിസ്ബുള്ളയുടെ 280 കേന്ദ്രങ്ങളാണ് ഇസ്രയേൽ ആക്രമിച്ചത്. 51 പേർ കൊല്ലപ്പെടുകയും 220 പേർക്കു പരിക്കേൽക്കുകയും ചെയ്തതായി ലബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഹിസ്ബുള്ളകൾ ഇസ്രയേലിന്റെ വാണിജ്യതലസ്ഥാനമായ ടെൽ അവീവ് ലക്ഷ്യമിടുന്നത് ആദ്യമാണ്. ഇസ്രേലി ചാരസംഘടനയായ മൊസാദിന്റെ ആസ്ഥാനത്തേക്കാണ് ഇന്നലെ രാവിലെ ബാലിസ്റ്റിക് മിസൈൽ തൊടുത്തതെന്ന് ഹിസ്ബുള്ളകൾ പറഞ്ഞു.
മിസൈൽ ലക്ഷ്യംകാണും മുന്പേ ഇസ്രേലി സേന വെടിവച്ചിട്ടു. ആളപായവും നാശനഷ്ടവുമില്ല. ഇതിനു പിന്നാലെ തെക്കൻ ലബനനിലും ബെക്കാ താഴ്വരയിലും വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ അറിയിച്ചു.
അടുത്ത ദിവസങ്ങളിൽ ഇസ്രയേൽ നടത്തിയ പേജർ- വാക്കിടോക്കി ആക്രമണങ്ങളിലും 550തിലധികം പേർ കൊല്ലപ്പെട്ട വ്യോമാക്രമണങ്ങളിലും തളരില്ലെന്നു തെളിയിക്കാനാണു ഹിസ്ബുള്ളകൾ ടെൽ അവീവ് ലക്ഷ്യമാക്കി മിസൈൽ പ്രയോഗിച്ചതെന്നു കരുതുന്നു. ഇതിനു പുറമേ ഇസ്രയേലിലെ ഹാറ്റ്സോർ പട്ടണമടക്കമുള്ള സ്ഥലങ്ങളിലേക്കും സൈനിക കേന്ദ്രങ്ങളിലേക്കും ഹിസ്ബുള്ളകൾ മിസൈൽ പ്രയോഗിച്ചു. സിറിയയിൽനിന്ന് ഇസ്രയേലിനു നേർക്ക് ഡ്രോൺ ആക്രമണം ഉണ്ടായെന്നും റിപ്പോർട്ടുണ്ട്.
ഇതിനിടെ, യുദ്ധഭീതിയിൽ തെക്കൻ ലബനനിൽനിന്നു പതിനായിരങ്ങൾ പലായനം തുടരുകയാണ്. ഇസ്രേലി കരസേന തെക്കൻ ലബനനിൽ പ്രവേശിക്കുമെന്ന ഭീതി ജനങ്ങൾ പങ്കുവച്ചു. തിങ്കളാഴ്ച മുതൽ പലായനം ചെയ്തവരുടെ എണ്ണം 90,000 ആയെന്ന് യുഎൻ അറിയിച്ചു. 2023 ഒക്ടോബർ മുതൽ പലായനം ചെയ്ത ഒരുലക്ഷത്തിലധികം പേർക്കു പുറമേയാണിത്.
കരയാക്രമണത്തിനു മുന്നൊരുക്കം: ഇസ്രേലി സൈനിക മേധാവി
ടെൽ അവീവ്: ലബനനിൽ കരയാക്രമണത്തിനു മുന്നോടിയായിട്ടാണ് വ്യോമാക്രമണങ്ങളെന്ന സൂചന നല്കി ഇസ്രേലി സൈനിക മേധാവി ജനറൽ ഹെർസി ഹാലെവി.
ഇസ്രേലി സേന ലബനനിൽ പ്രവേശിക്കുന്നതിനുള്ള വഴിയൊരുക്കുന്നതുവരെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിൽ വ്യോമാക്രമണം തുടരുമെന്ന് ലബനീസ് അതിർത്തിയിലുള്ള ഇസ്രേലി സൈനികരോട് അദ്ദേഹം പറഞ്ഞു.
ഹിസ്ബുള്ള ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വടക്കൻ ഇസ്രയേലിൽനിന്ന് ഒഴിപ്പിച്ചുമാറ്റിയ ഇസ്രേലി പൗരന്മാരെ തിരികെ എത്തിക്കലാണ് സൈന്യത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.