‘ജോൺ’ ചുഴറ്റിയടിച്ചു; മെക്സിക്കോയിൽ കനത്ത നാശനഷ്ടം
Wednesday, September 25, 2024 3:19 AM IST
പ്യൂർട്ടോ എസ്കോൺദീദോ: രാജ്യത്തിന്റെ തെക്കൻ പസഫിക് തീരത്ത് ഭീതി പരത്തി ജോൺ ചുഴലിക്കാറ്റ് എത്തിച്ചേർന്നു. മണിക്കൂറിൽ 190 കിലോമീറ്റർ വേഗമുള്ള കാറ്റഗറി 3 ചുഴലിക്കാറ്റ് ആയിട്ടാണ് ജോൺ കരതൊട്ടതെങ്കിലും പിന്നീട് ശക്തി ക്ഷയിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ശക്തി കുറഞ്ഞെങ്കിലും ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടാകുമെന്നു സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റിസോർട്ട് നഗരമായ അക്കാപുൽക്കോയിൽ ഇതിനോടകം കനത്ത നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനം മൂലം മുമ്പെങ്ങും കാണാത്ത വിധം ചുഴലിക്കാറ്റുകൾ ശക്തി പ്രാപിക്കുകയാണെന്നു മെക്സിക്കോയിലെ ശാസ്ത്രജ്ഞർ വിലയിരുത്തുന്നു.