കുവൈറ്റ് കിരീടാവകാശിയുമായി മോദി ചർച്ച നടത്തി
Tuesday, September 24, 2024 2:16 AM IST
ന്യുയോർക്ക്: യുഎൻ പൊതുസഭയിൽ പങ്കെടുക്കാനായി ന്യുയോർക്കിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈറ്റ് കിരീടാവകാശി ഷെയ്ക്ക് സബാഹ് ഖാലിദ് അൽ ഹമദ് അൽ-സബാദ്, പലസ്തീൻ പ്രസിഡന്റ് മുഹമ്മദ് അബ്ബാസ് തുടങ്ങിയ നേതാക്കളുമായി ഉഭയകക്ഷി ചർച്ച നടത്തി.
കുവൈറ്റ് കിരീടാവകാശിയുമായി നടത്തിയ ചർച്ച ക്രിയാത്മകമായിരുന്നുവെന്നും മരുന്ന്, ഭക്ഷ്യസംസ്കരണം, സാങ്കേതിക വിദ്യ, ഊർജമേഖല ഉൾപ്പെടെ ഒട്ടേറെ വിഷയങ്ങൾ ചർച്ചയിൽ ഇടംപിടിച്ചുവെന്നും സാമുഹ്യമാധ്യമ പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു. കുവൈറ്റുമായുള്ള ഉഭയകക്ഷിബന്ധത്തിന് ഇന്ത്യ മുന്തിയ പരിഗണനയാണു നൽകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
പാലസ്തീൻ പ്രസിഡന്റ് മുഹമ്മദ് അബ്ബാസുമായുള്ള കൂടിക്കാഴ്ചയിൽ, ഗാസയിലെ സ്ഥിതിഗതികളിൽ മോദി ആശങ്ക രേഖപ്പെടുത്തുകയായിരുന്നു. വെടിനിർത്തലിനൊപ്പം ബന്ദികളെ മോചിപ്പിച്ചും ചർച്ചകളിലൂടെയും നയതന്ത്ര നടപടികളിലൂടെയും സമാധാനം കൊണ്ടുവരിക എന്നതാണ് ഇന്ത്യയുടെ നിലപാട്. സമാധാനം പുനഃസ്ഥാപിക്കുന്നതിനു പൂർണ പിന്തുണ നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗാസയിലെ മാനുഷിക സാഹചര്യങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി പാലസ്തിൻ ജനതയ്ക്കുള്ള പിന്തുണ ആവർത്തിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീർ ജെയ്സ്വാൾ പിന്നീട് എക്സിൽ കുറിച്ചു.
നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലിയെയും മോദി കണ്ടു. കഴിഞ്ഞ ജൂലൈയിൽ നാലാംതവണ പ്രധാനമന്ത്രിയായി കെ.പി. ശർമ ഒലി ചുമതലയേറ്റശേഷം ആദ്യമായാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ഊർജ, സാങ്കേതിക, വ്യാപാര മേഖലകളെക്കുറിച്ച് ഇരുവരും വിശദമായി സംസാരിച്ചു.