സ്ത്രീശക്തി വിളിച്ചോതി ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ വനിതാ ഫോറം കൺവൻഷൻ
Tuesday, September 24, 2024 2:16 AM IST
ഷൈമോൻ തോട്ടുങ്കൽ
ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിലെ വിമൻസ് ഫോറം വാർഷിക സമ്മേളനം ബിർമിംഗ്ഹാമിലെ ബെഥേൽ കൺവെൻഷൻ സെന്ററിൽ നടന്നു.
രൂപതയിലെ വിവിധ ഇടവകകളിൽനിന്നും മിഷനുകളിൽനിന്നുമായി ആയിരത്തഞ്ഞൂറോളം വനിതകൾ പങ്കെടുത്ത കൺവെൻഷൻ ബ്രിട്ടനിലെ മലയാളി വനിതകളുടെ ശക്തി വിളിച്ചോതുന്നതായി മാറി. സമ്മേളനം സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു.
ദൈവരാജ്യത്തിന്റെ വളർച്ചയിൽ പുരുഷനൊപ്പമോ ഒരുപക്ഷേ പുരുഷനെക്കാളോ അനുകമ്പാർദ്രമായ സ്നേഹത്തോടെ സംഭാവനകൾ നൽകിയത് സ്ത്രീകളാണെന്നും മേജർ ആർച്ച്ബിഷപ് പറഞ്ഞു.
വനിതാ ഫോറം പ്രസിഡന്റ് ട്വിങ്കിൾ റെയ്സൻ അധ്യക്ഷത വഹിച്ചു. ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ, പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, പാസ്റ്ററൽ കോഓഡിനേറ്റർ റവ. ഡോ. ടോം ഓലിക്കരോട്ട്, വിമൻസ് ഫോറം കമ്മീഷൻ ചെയർമാൻ ഫാ. ജോസ് അഞ്ചാനിക്കൽ, വിമൻസ് ഫോറം ഡയറക്ടർ സിസ്റ്റർ ജീൻ മാത്യു എസ്എച്ച് എന്നിവർ പ്രസംഗിച്ചു. വിമൻസ് ഫോറം ഭാരവാഹികളായ ഡിംപിൾ വർഗീസ്, അൽഫോൻസ കുര്യൻ, ഷീജ പോൾ, ഡോളി ജോസി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.