ലങ്കയിൽ ദിസനായകെ യുഗം
Tuesday, September 24, 2024 12:09 AM IST
കൊളംബോ: മാർക്സിസ്റ്റ് നേതാവ് അനുര കുമാർ ദിസനായകെ ശ്രീലങ്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ശ്രീലങ്കയുടെ ഒന്പതാമത്തെ പ്രസിഡന്റായ ദിസനായകെ (56) ചീഫ് ജസ്റ്റീസ് ജയന്ത ജയസൂര്യക്കു മുന്പാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്.
ശ്രീലങ്കയുടെ നവോത്ഥാനത്തിനായി പ്രവർത്തിക്കുമെന്ന് സത്യപ്രതിജ്ഞയ്ക്കുശേഷം രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് ദിസനായകെ പറഞ്ഞു. “ഞാൻ ഒരു മജീഷനല്ല. ഈ രാജ്യത്തു ജനിച്ച ഒരു സാധാരണക്കാരനാണ്.
എനിക്ക് കഴിവുകളും പോരായ്മകളുമുണ്ട്. ജനങ്ങളുടെ കഴിവുകൾ രാജ്യത്തിന്റെ ഉന്നതിക്കായി പ്രയോജനപ്പെടുത്തുകയെന്നതാണ് എന്റെ ആദ്യ ദൗത്യം. ശ്രീലങ്കയുടെ ഉന്നമനത്തിന് അന്താരാഷ്ട്ര സഹകരണം ആവശ്യമാണ്’’. -ദിസനായകെ കൂട്ടിച്ചേർത്തു. അഭിനന്ദന സന്ദേശമയച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ദിസനായകെ നന്ദി അറിയിച്ചു.
സത്യപ്രതിജ്ഞയ്ക്കുശേഷം ദിസനായകെ ബുദ്ധസന്യാസിയുടെ അനുഗ്രഹം തേടി. ശ്രീലങ്കയുടെ ചരിത്രത്തിൽ ആദ്യമായാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്കും 50 ശതമാനം വോട്ട് ലഭിക്കാത്ത സാഹചര്യമുണ്ടായത്.
തുടർന്ന് രണ്ടാം മുൻഗണനാ വോട്ടുകളെണ്ണിയാണ് വിജയിയെ തീരുമാനിച്ചത്. ജനക വിമുക്തി പെരമുനയുടെ രാഷ്ട്രീയസഖ്യമായ നാഷണൽ പീപ്പിൾസ് പവർ (എൻപിപി) സ്ഥാനാർഥിയായ ദിസനായകെ എസ്ജെബി സ്ഥാനാർഥി സജിത് പ്രേമദാസയെയാണ് പരാജയപ്പെടുത്തിയത്.
പാർലമെന്റ് രണ്ടു ദിവസത്തിനകം പിരിച്ചുവിടുമെന്ന് ഇന്നലെ പ്രസിഡന്റ് അനുര കുമാര ദിസനായകെ പറഞ്ഞു. നവംബറിൽ പാർലമെന്ററി തെരഞ്ഞെടുപ്പ് നടക്കും. പാർലമെന്റ് പിരിച്ചുവിട്ട് 52 മുതൽ 66 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തുമെന്ന് ഉന്നത തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥൻ ശ്രീ രത്നായകെ പറഞ്ഞു.
ഗുണവർധന രാജിവച്ചു
അനുര കുമാര ദിസനായകെ പ്രസിഡന്റായി അധികാരമേൽക്കുന്നതിനു മുന്പ് പ്രധാനമന്ത്രി ദിനേശ് ഗുണവർധന രാജിവച്ചു. അധികാരമാറ്റത്തിന്റെ ഭാഗമായാണ് രാജി. 2022 ജൂലൈ മുതൽ ഗുണവർധന പ്രധാനമന്ത്രിയാണ്.