അറബ് ബന്ദിയെ ഇസ്രേലി സേന ഗാസയിൽനിന്ന് രക്ഷപ്പെടുത്തി
Wednesday, August 28, 2024 12:42 AM IST
ടെൽ അവീവ്: ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിനിടെ ഹമാസ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ അറബ് വംശജനെ ഇസ്രേലി സേന രക്ഷപ്പെടുത്തി. കെയ്ദ് ഫർഹാൻ എൽക്കാദി എന്ന അന്പത്തിരണ്ടുകാരനാണു മോചിതനായത്. ഇസ്രയേലിലെത്തിച്ച ഇദ്ദേഹത്തെ ആരോഗ്യ പരിശോധനകൾക്കായി ആശുപത്രിയിലേക്കു മാറ്റി. കുടുംബാംഗങ്ങൾ എൽക്കാദിയെ കണ്ടു.
അറബ് നാടോടി ബെദുവിൻ വംശജനായ എൽക്കാദി നെഗെവ് മരുഭൂമിയിലെ രഹാത് പ്രദേശവാസിയാണ്. ഗാസ അതിർത്തിയോടു ചേർന്ന കിബ്ബുട്സ് മെഗനിൽ സെക്യൂരിറ്റി ഗാർഡ് ആയി ജോലി ചെയ്യുകയായിരുന്നു. ഒക്ടോബറിൽ തെക്കൻ ഇസ്രയേൽ ആക്രമിച്ച ഹമാസ് ഭീകരർ ഇദ്ദേഹത്തെയും തട്ടിക്കൊണ്ടുപോയി.
ഇസ്രേലി സേന ഗാസയിൽനിന്നു മോചിപ്പിക്കുന്ന എട്ടാമത്തെ ബന്ദിയാണ് എൽക്കാദി. തെക്കൻ ഗാസയിൽ നടത്തിയ ഓപ്പറേഷനിലാണ് ഇദ്ദേഹത്തെ രക്ഷിച്ചതെന്ന് ഇസ്രയേൽ അറിയിച്ചു.
മറ്റു ബന്ദികളുടെ സുരക്ഷ കണക്കിലെടുത്ത് ഓപ്പറേഷൻ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ നല്കാനാവില്ലെന്ന് ഇസ്രേലി സേന കൂട്ടിച്ചേർത്തു.
വെസ്റ്റ്ബാങ്കിൽ ഏഴു പേർ കൊല്ലപ്പെട്ടു
ടെൽ അവീവ്: അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രേലി സേന നടത്തിയ വ്യോമാക്രമണത്തിൽ രണ്ടു കുട്ടികളടക്കം അഞ്ചു പലസ്തീനികൾ കൊല്ലപ്പെട്ടു. നൂർ ഷാംസ് അഭയാർഥി ക്യാന്പിലെ തീവ്രവാദകേന്ദ്രം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രയേൽ അറിയിച്ചു.
മരിച്ചവരിൽ ഒരാൾ ഹമാസ് അംഗമാണെന്നു സ്ഥിരീകരണമുണ്ട്. ഇയാൾ നവംബറിലെ വെടിനിർത്തലിൽ ഇസ്രേലി ജയിലിൽനിന്നു മോചിതനായതാണ്.
ഇതിനിടെ, ബെത്ലഹേമിലെ പലസ്തീൻ ഗ്രാമമായ വാഡി റഹാലിൽ അധിനിവേശ ഇസ്രേലികൾ നടത്തിയ ആക്രമണത്തിൽ ഒരാൾ വെടിയേറ്റു മരിക്കുകയും മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ അന്വേഷിക്കുന്നതായി ഇസ്രേലി സേന പറഞ്ഞു.