ഇസ്രേലി യുദ്ധവിമാനങ്ങൾ ലബനനിൽ ആക്രമണം നടത്തി; ഇസ്രയേലിലേക്ക് റോക്കറ്റുകൾ തൊടുത്ത് ഹിസ്ബുള്ള
Monday, August 26, 2024 2:52 AM IST
ടെൽ അവീവ്: ലബനനിലെ ഹിസ്ബുള്ളാ ഭീകരതാവളങ്ങൾ ലക്ഷ്യമിട്ട് ഇസ്രേലി യുദ്ധവിമാനങ്ങൾ വൻ ആക്രമണം നടത്തി. ഇന്നലെ പുലർച്ചയുണ്ടായ ആക്രമണത്തിൽ നൂറോളം യുദ്ധവിമാനങ്ങൾ പങ്കെടുത്തു. ഹിസ്ബുള്ളയുടെ ആയിരക്കണക്കിനു റോക്കറ്റ് വിക്ഷേപണികൾ തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു.
ഇതിനു പിന്നാലെ ഇസ്രയേലിനു നേർക്ക് ഹിസ്ബുള്ള ഭീകരർ റോക്കറ്റാക്രമണം നടത്തി. മുതിർന്ന കമാൻഡർ ഫവാദ് ഷുക്കൂറിനെ ഇസ്രയേൽ വധിച്ചതിനുള്ള പ്രതികാരത്തിന്റെ ഒന്നാം ഘട്ടമായിരുന്നു ഈ ആക്രമണമെന്ന് ഹിസ്ബുള്ള വിശദീകരിച്ചു.
പശ്ചിമേഷ്യാ സംഘർഷം പടരുന്നതിന്റെ സൂചനയാണു പരസ്പരമുള്ള ആക്രമണങ്ങളെന്ന ആശങ്കയുണ്ട്. ഇസ്രേലി ആക്രമണത്തിൽ ലബനനിൽ മൂന്നു പേർ കൊല്ലപ്പെട്ടു. ഇസ്രേലി ഭാഗത്ത് ആൾനാശമില്ല.
ഹിസ്ബുള്ള ഭീകരർ ആക്രമണത്തിനു തയാറെടുത്ത പശ്ചാത്തലത്തിൽ സ്വയംപ്രതിരോധമെന്ന നിലയിലായിരുന്നു ആക്രമണമെന്ന് ഇസ്രയേൽ വിശദീകരിച്ചു. റോക്കറ്റ് വിക്ഷേപണികൾ സ്ഥാപിച്ച 40 കേന്ദ്രങ്ങളിലായിരുന്നു ആക്രമണം.
ഇസ്രയേലിനു നേർക്ക് 320 റോക്കറ്റുകളാണു തൊടുത്തതെന്നു ഹിസ്ബുള്ള അറിയിച്ചു. ഇസ്രേലി സേനയുടെ 11 താവളങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഫവാദ് ഷുക്കൂർ വധത്തിൽ ഇസ്രയേലിനോടുള്ള പ്രതികാരത്തിന്റെ ആദ്യഘട്ടം പൂർത്തിയായെന്നും ഉദ്ദേശിച്ച ലക്ഷ്യങ്ങൾ നേടിയെന്നും ഹിസ്ബുള്ള അവകാശപ്പെട്ടു.
രാജ്യത്തെ സംരക്ഷിക്കാൻ വേണ്ടതു ചെയ്യുമെന്ന് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. ഇസ്രയേലിനെ ദ്രോഹിക്കുന്നവരെ തിരിച്ചും ദ്രോഹിക്കും. ഇസ്രയേൽ പൂർണയുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് ഇസ്രേലി വിദേശകാര്യമന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു.
ഒക്ടോബറിൽ ഗാസയുദ്ധം തുടങ്ങിയതുമുതൽ ഹമാസിനു പിന്തുണ പ്രഖ്യാപിച്ച് ഹിസ്ബുള്ളകൾ ഇസ്രയേലിനെ ആക്രമിക്കുന്നു. ഇസ്രയേൽ ശക്തമായ തിരിച്ചടിയാണു നല്കുന്നത്. ലബനനിൽ 560 പേരാണ് കൊല്ലപ്പെട്ടത്. ഇസ്രയേലിൽ 26 സിവിലിയന്മാരും 23 സൈനികരും കൊല്ലപ്പെട്ടു. ഇരു ഭാഗത്തുമായി രണ്ടു ലക്ഷം പേർ ഒഴിഞ്ഞുപോയി.
ഹമാസ് നേതാവ് ഇസ്മയിൽ ഹനിയ ടെഹ്റാനിൽ വധിക്കപ്പെട്ടതിനു പ്രതികാരം ചെയ്യുമെന്ന ഇറാന്റെ ഭീഷണിയും പശ്ചിമേഷ്യാ സംഘർഷം വർധിപ്പിക്കുമെന്ന ആശങ്ക ഉയർത്തുന്നു.