യുക്രെയ്ന് 51 ഡോളർ സംഭാവന നൽകിയ നർത്തകിക്ക് റഷ്യയിൽ 12 വർഷം തടവ്
Friday, August 16, 2024 10:42 PM IST
മോസ്കോ: യുക്രെയ്ൻ ജീവകാരുണ്യ സംഘടനയ്ക്ക് 51 ഡോളർ (4280 രൂപ) സംഭാവന നല്കിയ യുഎസ്-റഷ്യ പൗരത്വമുള്ള ബാലെ നർത്തകി കസെനിയ കാരെലീനയ്ക്കു റഷ്യൻ കോടതി 12 വർഷത്തെ തടവുശിക്ഷ വിധിച്ചു. ഇവർ കടുത്ത രാജ്യദ്രോഹം ചെയ്തതായി യെക്കാത്തെരീൻബർഗിലെ കോടതി വിധിച്ചു.
അമേരിക്കയിൽ താമസിച്ചിരുന്ന കാരലീന, റഷ്യൻ സേന യുക്രെയ്നിൽ അധിനിവേശം ആരംഭിച്ച 2022 ഫെബ്രുവരി 22ന് റേസോം എന്ന ചാരിറ്റി സംഘടനയ്ക്കാണു സംഭാവന നല്കിയത്. ഈ ജനുവരിയിൽ ബന്ധുക്കളെ കാണാൻ റഷ്യയിലെത്തിയപ്പോഴാണ് അറസ്റ്റിലായത്.
യുക്രെയ്ന് അയുധങ്ങൾ ലഭ്യമാക്കുന്ന സംഘടനയ്ക്കാണു കാരെലീന സംഭാവ നല്കിയതെന്ന് റഷ്യൻ അന്വേഷകർ ആരോപിക്കുന്നു. എന്നാൽ റഷ്യയിലെയും യുക്രെയ്നിലെയും യുദ്ധക്കെടുതികൾ നേരിടുന്നവർക്കു വേണ്ടിയാണ് സംഭാവന നല്കിയതെന്നു കാരലീനയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
കാരലീന കുറ്റം സമ്മതിച്ചുവെന്നാണ് റഷ്യ അറിയിച്ചത്. എന്നാൽ, പണം കൈമാറി എന്നു മാത്രമേ കാരലീന സമ്മതിച്ചിട്ടുള്ളൂവെന്ന് അഭിഭാഷകൻ വ്യക്തമാക്കി. യുക്രെയ്ന് അയുധം വാങ്ങാനല്ല പണം സമാഹരിക്കുന്നതെന്നു റേസോം സംഘടന അറിയിച്ചു.