നൈജീരിയയിൽ 50 ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തു
Thursday, August 15, 2024 1:25 AM IST
സൂറിക്ക്: നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്തെ ആയാറ്റി ഗ്രാമത്തിൽ ഫുലാനി ഇസ്ലാമിക ഭീകരർ 50 ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തതായി സ്വിസ് മാധ്യമമായ ലൈവ്നെറ്റ് റിപ്പോർട്ട് ചെയ്തു.
ക്രിമിനൽ സംഘങ്ങളുടെ പിന്തുണയോടെ ഫുലാനി ഗോത്രക്കാരായ തീവ്രവാദികൾ ഗ്രാമവാസികളെ ആക്രമിക്കുകയായിരുന്നു. ഫുലാനി ഗോത്രക്കാർ ഗ്രാമീണരിൽനിന്നു വാങ്ങി എന്നവകാശപ്പെടുന്ന സ്ഥലങ്ങളെച്ചൊല്ലിയുള്ള തർക്കമാണ് കൂട്ടക്കൊലപാതകത്തിൽ കലാശിച്ചത്.
ആട്ടിടയന്മാരായ നാടോടി ഫുലാനി ഗോത്രക്കാർ മരുഭൂമിവത്കരണം മൂലം ഉൾനാടുകളിലേക്കു പോകുന്നതും കൃഷിക്കാരായ ഗ്രാമവാസികളുമായി സംഘർഷത്തിലേർപ്പെടുന്നതും പതിവാണ്.
നൈജീരിയയുടെ പല ഭാഗങ്ങളിലും സഹാറ മരുഭൂമിയോടു ചേർന്നു കിടക്കുന്ന മറ്റു രാജ്യങ്ങളിലും വസിക്കുന്ന ഫുലാനി ഗോത്രക്കാർ നിരവധി വംശങ്ങളിൽപ്പെടുന്നവരാണ്. ഫുലാനികളിൽ ഭൂരിപക്ഷവും മുസ്ലിംകളാണ്. അവരിലുള്ള ആയുധധാരികളായ തീവ്രവാദികളാണ് നൈജീരിയയിലെയും അയൽ രാജ്യങ്ങളിലെയും ക്രൈസ്തവരെ ആക്രമിക്കുന്നത്.
2023ൽ മാത്രം 4118 ക്രൈസ്തവരെയാണ് നൈജീരിയയിലെ ഇസ്ലാമിക തീവ്രവാദികൾ കൊന്നൊടുക്കിയത്. ക്രൈസ്തവർക്ക് ലോകത്തിൽ ഏറ്റവും അപകടകരമായ രാജ്യമാണ് നൈജീരിയ.