ബംഗ്ലാദേശിൽ നീതിക്കായി ലക്ഷങ്ങളുടെ ന്യൂനപക്ഷ റാലി
Monday, August 12, 2024 1:00 AM IST
ധാക്ക: ബംഗ്ലാദേശിൽ ഷേഖ് ഹസീന ഭരണകൂടത്തിനെതിരേ നടന്ന പ്രക്ഷോഭത്തിനിടെ ന്യൂനപക്ഷ ഹിന്ദുക്കൾ ആക്രമിക്കപ്പെട്ടതിൽ വൻ പ്രതിഷേധം. തലസ്ഥാനമായ ധാക്കയിലും രണ്ടാമത്തെ വലിയ നഗരമായ ചിറ്റഗോംഗിലും ശനിയാഴ്ച നടന്ന റാലികളിൽ ലക്ഷക്കണക്കിനു പേർ പങ്കെടുത്തുവെന്നാണു റിപ്പോർട്ട്.
ഹസീന ഭരണകൂടം വീണ അഞ്ചാം തീയതി മുതൽ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെട്ട 205 സംഭവങ്ങളുണ്ടായി. ബംഗ്ലാദേശിലെ 64 ജില്ലകളിൽ 52ലും ന്യൂനപക്ഷങ്ങൾ അക്രമം നേരിട്ടു. ഹസീനയുടെ അവാമി ലീഗ് പാർട്ടി നേതാക്കളായ രണ്ടു ഹൈന്ദവർ കൊല്ലപ്പെടുകയും നൂറു കണക്കിനു ഹൈന്ദവർക്കു പരിക്കേൽക്കുകയും ചെയ്തു. ആയിരക്കണക്കിനു ഹൈന്ദവർ ഇന്ത്യയിലേക്കു രക്ഷപ്പെടാൻ ശ്രമിക്കുന്നതായും ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ശനിയാഴ്ച ചിറ്റഗോംഗിലെ ചിരാഗി പഹാർ ചത്വരത്തിൽ നടന്ന റാലിയിൽ ഏഴു ലക്ഷത്തോളം ഹൈന്ദവർ പങ്കെടുത്തുവെന്നാണു റിപ്പോർട്ട്. സെൻട്രൽ ധാക്കയിലെ ഷാബാഗിൽ റാലി മൂലം മണിക്കൂറുകൾ ഗതാഗതം നിലച്ചു. ന്യൂനപക്ഷങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിദ്യാർഥികൾ ഉൾപ്പെടെയുള്ള മുസ്ലിംകളും റാലിയിൽ പങ്കെടുത്തു.
ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നവരെ അതിവേഗം വിചാരണ ചെയ്യാനായി പ്രത്യേക ട്രൈബ്യൂണലുകൾ സ്ഥാപിക്കുക, പാർലമെന്റ് സീറ്റിന്റെ പത്തു ശതമാനം ന്യൂനപക്ഷത്തിനു സംവരണം ചെയ്യുക, ന്യൂനപക്ഷ സംരക്ഷണ നിയമം നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ റാലിക്കാർ ഉന്നയിച്ചു. അമേരിക്കയിലും ബയുകെയിലും സമാന റാലികൾ അരങ്ങേറി.
ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിനെ നയിക്കുന്ന പ്രഫ. മുഹമ്മദ് യൂനുസ് ന്യൂനപക്ഷങ്ങൾക്കു നേർക്കുണ്ടായ ആക്രമണത്തെ ശനിയാഴ്ച അപലപിച്ചു. ഹിന്ദു, ക്രിസ്ത്യൻ, ബുദ്ധമത ന്യൂനപക്ഷ കുടുംബങ്ങളെ അക്രമത്തിൽനിന്നു രക്ഷിക്കാൻ വിദ്യാർഥികൾ മുന്നിൽനിൽക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.