ഗാസ സ്കൂളിൽ ആക്രമണം; നൂറു മരണം
Sunday, August 11, 2024 12:18 AM IST
ടെൽ അവീവ്: സെൻട്രൽ ഗാസയിലെ സ്കൂളിലുണ്ടായ ഇസ്രേലി വ്യോമാക്രമണത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടതായി ഹമാസിന്റെ ആരോഗ്യവകുപ്പ് അറിയിച്ചു. ഗാസ സിറ്റിയിലെ താബീൻ സ്കൂളിൽ ഇന്നലെ രാവിലെയായിരുന്നു ആക്രമണം. ഹമാസ്, ഇസ്ലാമിക് ജിഹാദ് ഭീകരരുടെ താവളമായിരുന്നു സ്കൂൾ എന്ന് ഇസ്രേലി സേന അറിയിച്ചു.
ആക്രമണസമയത്ത് ആയിരത്തിലധികം പലസ്തീനികൾ സ്കൂളിൽ അഭയം തേടിയിരുന്നുവെന്നാണ് റിപ്പോർട്ട്. ഇസ്രേലി നിർദേശപ്രകാരം ബെയ്ത് ഹനൂൺ പട്ടണത്തിൽനിന്ന് ഒഴിഞ്ഞുപോയവരിൽ പലരും സ്കൂളിലെത്തിയിരുന്നു. സ്കൂൾ കെട്ടിടം മോസ്ക് ആയും പ്രവർത്തിച്ചിരുന്നു. പ്രഭാതപ്രാർഥന നടക്കുന്നതിനിടെ ആയിരുന്നു ആക്രമണം.
മുതിർന്ന കമാൻഡർമാർ അടക്കം 20 പലസ്തീൻ ഭീകരർ സ്കൂളിൽ പ്രവർത്തിച്ചിരുന്നുവെന്ന് ഇസ്രേലി സൈനികവക്താവ് നദാവ് ഷോഷാനി പറഞ്ഞു. സ്കൂൾ വളപ്പിനെ ഭീകരാക്രമണങ്ങൾക്ക് ഉപയോഗിച്ചിരുന്നു.
ഹമാസിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിനെ ലക്ഷ്യമിട്ട് കൃത്യമായ ആക്രമണമാണു നടത്തിയത്. ഹമാസ് നല്കുന്ന മരണസംഖ്യയും ഇസ്രയേലിന്റെ പക്കലുള്ള വിവരങ്ങളും ഒത്തുപോകുന്നില്ലെന്ന് വക്താവ് കൂട്ടിച്ചേർത്തു.
പലസ്തീനികൾ താത്കാലിക ക്യാന്പായി ഉപയോഗിക്കുന്ന സ്കൂൾ വളപ്പുകൾക്കു നേർക്ക് ജൂലൈ മുതൽ ആക്രമണം ശക്തമാണ്. തീവ്രവാദികൾ തന്പടിക്കുന്ന പശ്ചാത്തലത്തിലാണ് ആക്രമണങ്ങളെന്ന് ഇസ്രേലി സേന പറയുന്നു.
ഗാസയിലെ 546 സ്കൂളുകളിൽ 477ഉം ആക്രമണം നേരിട്ടിട്ടുണ്ട്. ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിനു മറുപടിയായി ഇസ്രേലി സേന ഗാസയിൽ നടത്തുന്ന ആക്രമണത്തിൽ 39,600 പലസ്തീനികൾ കൊല്ലപ്പെട്ടു.