ഇസ്രയേൽ യുദ്ധം ചെയ്യുന്നത് യുഎസിനു വേണ്ടിയും: നെതന്യാഹു
Friday, July 26, 2024 1:32 AM IST
വാഷിംഗ്ടൺ ഡിസി: ഇസ്രയേലിന്റെ യുദ്ധം അമേരിക്കയ്ക്കുകൂടി വേണ്ടിയാണെന്ന് പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു. ഇറാന്റെ നേതൃത്വത്തിലുള്ള ഭീകരതയുടെ അച്ചുതണ്ട് അമേരിക്കയ്ക്കും ഇസ്രയേലിനും അറബ് ലോകത്തിനും ഭീഷണിയാണെന്ന് യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത നെതന്യാഹു പറഞ്ഞു.
അമേരിക്കയുടെ ശത്രുവായ ഇറാനെതിരേയാണ് ഇസ്രയേലിന്റെ യുദ്ധം. ഞങ്ങളുടെ യുദ്ധം നിങ്ങളുടെ യുദ്ധംകൂടിയാണ്; ഞങ്ങളുടെ വിജയം നിങ്ങളുടെയും. അമേരിക്ക ഇസ്രയേലിനു നല്കുന്ന സൈനിക സഹായങ്ങൾക്കു നെതന്യാഹു നന്ദി അറിയിച്ചു.
ഗാസാ യുദ്ധത്തിന്റെ പേരിലുള്ള വിമർശനങ്ങൾ പരാമർശിക്കാതിരുന്ന അദ്ദേഹം, ഗാസയിലെ ഓരോ വ്യക്തിക്കും 3,000 കലോറി ലഭിക്കുന്നതിനാവശ്യമായ ഭക്ഷണം ഇസ്രയേൽ വിതരണം ചെയ്യുന്നുണ്ടെന്ന് അവകാശപ്പെട്ടു.
അതേസമയം, നെതന്യാഹുവിനെതിരേ വൻ പ്രതിഷേധമാണ് അമേരിക്കൻ തലസ്ഥാനത്തുണ്ടായത്. നെതന്യാഹു യുദ്ധക്കുറ്റവാളിയാണെന്ന പ്ലക്കാർഡുകൾ പിടിച്ച പലസ്തീൻ അനുകൂലികൾ കോൺഗ്രസ് സ്ഥിതി ചെയ്യുന്ന കാപിറ്റോൾ മന്ദിരത്തിനു പുറത്ത് തടിച്ചുകൂടി.
മന്ദിരത്തിനുള്ളിൽ കടന്ന് നെതന്യാഹുവിന്റെ പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ച അഞ്ചു പേർ അറസ്റ്റിലായി. മിഷിഗണിൽനിന്നുള്ള ജനപ്രതിനിധിയും കോൺഗ്രസിൽ അംഗമായ ആദ്യ പലസ്തീൻ വംശജയുമായ റഷീദ തലയ്ബും ‘യുദ്ധക്കുറ്റവാളി’ എന്ന പ്ലക്കാർഡ് ഉയർത്തിയാണു സഭയിലിരുന്നത്.
മുതിർന്ന ഡെമോക്രാറ്റിക് നേതാവ് നാൻസി പെലോസി അടക്കം 39 ഡെമോക്രാറ്റിക് നേതാക്കൾ സഭയിലെത്താൻ കൂട്ടാക്കിയില്ല. നെതന്യാഹുവിനെ കോൺഗ്രസിൽ പ്രസംഗിക്കാൻ ക്ഷണിച്ചത് അനുചിതമായെന്ന് പെലോസി അഭിപ്രായപ്പെട്ടു.
ഇസ്രയേലിൽ ബന്ദികളുടെ കുടുംബാംഗങ്ങൾ നെതന്യാഹുവിന്റെ പ്രസംഗത്തെ അപലപിക്കുകയും ബന്ദികളെ തിരികെയെത്തിക്കാൻ നടപടി ആവശ്യപ്പെടുകയും ചെയ്തു.