വെടിയേറ്റത് ജനാധിപത്യത്തിനു വേണ്ടി: ഡോണൾഡ് ട്രംപ്
Monday, July 22, 2024 2:45 AM IST
വാഷിംഗ്ടൺ ഡിസി: ജനാധിപത്യത്തിനുവേണ്ടിയാണ് താൻ വെടിയേറ്റതെന്ന് മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായ ട്രംപ് വധശ്രമത്തിനുശേഷമുള്ള ആദ്യ പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു. മിഷിഗണിലെ റാലിയിൽ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ജെ.ഡി. വാൻസും പങ്കെടുത്തു.
തന്നെ കാണാനെത്തിയ ആയിരങ്ങൾക്ക് ട്രംപ് നന്ദി പറഞ്ഞു. ദൈവകൃപയാലാണ് നിങ്ങൾക്കു മുന്നിൽ നിൽക്കുന്നത്. ദൈവിക ഇടപെടലാണ് തന്റെ ജീവൻ രക്ഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
13ന് പെൻസിൽവേനിയയിലെ പ്രചാരണ റാലിക്കിടെയാണ് ട്രംപിനു നേർക്ക് വെടിവയ്പുണ്ടായത്. വെടിയുണ്ട അദ്ദേഹത്തിന്റെ വലത്തേ ചെവി തുളച്ചു. അക്രമിയുടെ വെടിയേറ്റ് കാണികളിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടു പേർക്കു പരിക്കേൽക്കുകയും ചെയ്തു.
തോമസ് മാത്യു ക്രൂക്സ് (20) എന്ന അക്രമിയെ സുരക്ഷാ ഭടന്മാർ വധിച്ചു. അതേസമയം ട്രംപിനെ വെടിവയ്ക്കാൻ അക്രമിക്കു പ്രേരണയായത് എന്താണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.