ബംഗ്ലാദേശിൽ സംവരണവിരുദ്ധ സമരം കടുത്തു; കർഫ്യൂ പ്രഖ്യാപിച്ചു, പട്ടാളമിറങ്ങി
Sunday, July 21, 2024 1:16 AM IST
ധാക്ക: സർക്കാർ ജോലികളിലെ സംവരണത്തിനെതിരേ നടക്കുന്ന പ്രതിഷേധം അനിയന്ത്രിതമായ സാഹചര്യത്തിൽ ബംഗ്ലാദേശിൽ കർഫ്യൂ പ്രഖ്യാപിക്കുകയും സൈന്യത്തെ വിന്യസിക്കുകയും ചെയ്തു. നേരത്തേ തലസ്ഥാനമായ ധാക്കയിൽ ജനങ്ങൾ ഒത്തുകൂടുന്നത് നിരോധിച്ചിരുന്നു. എന്നിട്ടും പ്രതിഷേധങ്ങൾ ശമിക്കാത്ത പശ്ചാത്തലത്തിലാണ് കൂടുതൽ നടപടികൾ.
വിദ്യാർഥികൾ നേതൃത്വം നൽകുന്ന പ്രകടനങ്ങൾ വലിയ സംഘർഷത്തിലാണ് കലാശിക്കുന്നത്. 115 പേർ ഇതുവരെ കൊല്ലപ്പെട്ടു. അന്‍പതിലധികം മരണങ്ങൾ വെള്ളിയാഴ്ചയായിരുന്നു.
ബംഗ്ലാ വിമോചനയുദ്ധത്തിൽ പങ്കെടുത്തവരുടെ മക്കൾക്ക് സർക്കാർ ജോലികളിൽ 30 ശതമാനം സംവരണം നൽകുന്നതിനെതിരേയാണു സമരം.
പ്രധാനമന്ത്രി ഷേക് ഹസീനയുടെ സർക്കാർ 2018ൽ സംവരണം എടുത്തുകളഞ്ഞതാണ്. എന്നാൽ ജൂണിൽ ഹൈക്കോടതി സംവരണം പുനഃസ്ഥാപിച്ചതോടെയാണു പ്രതിഷേധം ആരംഭിച്ചത്. തൊഴിലില്ലായ്മ വർധിച്ചതും വിലക്കയറ്റം പോലുള്ള സാന്പത്തികപ്രശ്നങ്ങളുമാണ് വിദ്യാർഥികളെ പ്രതിഷേധത്തിലേക്കു തള്ളിവിടുന്നത്.
ഇന്ത്യൻ വിദ്യാർഥികൾ മടങ്ങുന്നു
ഷില്ലോംഗ്/സിലിഗുരി/അഗർത്തല: ദിവസങ്ങളായി തുടരുന്ന കലാപത്തെത്തുടർന്ന് സർവകലാശാലകൾ അടയ്ക്കുകയും ഹോസ്റ്റലുകളിൽനിന്ന് വിദ്യാർഥികളെ ഒഴിപ്പിക്കുകയും ചെയ്തതോടെ ബംഗ്ലാദേശിൽനിന്ന് നിരവധി ഇന്ത്യൻ വിദ്യാർഥികൾ നാട്ടിലെത്തി. നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിൽനിന്നുള്ളവരും ഇന്ത്യയിലെ വിവിധ അതിർത്തികളിലൂടെ രാജ്യത്തേക്ക് എത്തുന്നുണ്ട്.
വിദ്യാർഥികൾ ഉൾപ്പെടെ ആയിരത്തോളം പേർ ഇന്ത്യയിലേക്ക് മടങ്ങിക്കഴിഞ്ഞു. ഉത്തർപ്രദേശ്, ഹരിയാന, മേഘാലയ, ജമ്മു-കാഷ്മീർ എന്നിവിടങ്ങളിൽനിന്നുള്ള നിരവധി മെഡിക്കൽ വിദ്യാർഥികൾ ഇതിലുണ്ട്.
ത്രിപുര, മേഘാലയ, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലെ അതിർത്തികൾ വഴിയാണ് ഇവർ ഇന്ത്യയിലേക്കു മടങ്ങിയത്. 15,000 ഓളം ഇന്ത്യക്കാർ ബംഗ്ലാദേശിലുണ്ടെന്നാണ് കണക്കുകൾ. ഇതിൽ 8500 ഓളം വിദ്യാർഥികളുണ്ട്.
വെള്ളിയാഴ്ച മേഘാലയയിൽ 350 ലേറെപ്പേരാണ് എത്തിയത്. കലാപം തുടങ്ങിയശേഷം ഇതോടെ ഇന്ത്യയിലെത്തിയവരുടെ എണ്ണം 670 ആയി. ഡോകി ചെക്പോസ്റ്റ്വഴി മൊത്തം 363 പേർ ഇന്ത്യയിലെത്തിയെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഇതിൽ 204 ഇന്ത്യക്കാരുണ്ട്. 158 നേപ്പാളികളും ഒരു ഭൂട്ടാൻ പൗരനും ഇതോടൊപ്പമുണ്ട്. മേഘാലയ സ്വദേശികളായ 80 പേർ ഇതിൽ ഉൾപ്പെടും.
ത്രിപുരയിലെ രണ്ട് ചെക്ക്പോസ്റ്റുകളിലൂടെ നൂറോളം വിദ്യാർഥികൾ തിരിച്ചെത്തിയതായി അതിർത്തിരക്ഷാസേന അറിയിച്ചു. വരുംദിവസങ്ങളിൽ കൂടുതൽ പേർ ഇന്ത്യയിലെത്തുമെന്നാണ് കരുതുന്നത്.
പശ്ചിമബംഗാളിൽ സിലിഗുരിക്കു സമീപം ഫുൽബാരി ചെക്പോസ്റ്റിലൂടെ അഞ്ച് നേപ്പാളി വിദ്യാർഥികളും കുച്ച്ബെഹാറിലെ മേഖലിഗഞ്ച് അതിർത്തിയിലൂടെ ആറ് ഇന്ത്യൻ വിദ്യാർഥികളും ഇന്നലെ ഇന്ത്യയിലെത്തി.
ഇന്ത്യ-ബംഗ്ലാദേശ് രാജ്യാന്തര അതിര്‍ത്തിയിലൂടെ കടക്കാന്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.
വിമാനയാത്രയുള്പ്പെടെ സംവിധാനങ്ങള്‍ സജ്ജമാക്കിയതായി വിദേശകാര്യമന്ത്രാലയവും അറിയിച്ചു. നേപ്പാള്‍, ഭൂട്ടാന് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.