ഷൂട്ടിംഗിനിടെ വെടിപൊട്ടി മരണം; അലക് ബാൾഡ്വിൻ കുറ്റവിമുക്തൻ
Sunday, July 14, 2024 12:51 AM IST
ലോസ് ആഞ്ചലസ്: സിനിമാ ചിത്രീകരണത്തിനിടെ വെടിപൊട്ടി ഒരാൾ മരിച്ച സംഭവത്തിൽ ഹോളിവുഡ് നടൻ അലക് ബാൾഡ്വിന്നിനെ കോടതി കുറ്റവിമുക്തനാക്കി.
2021 ഒക്ടോബറിൽ ‘റസ്റ്റ്’ എന്ന സിനിമയുടെ ഷൂട്ടിംഗ് റിഹേഴ്സലിനിടെ ബാൾഡ്വിന്നിന്റെ കയ്യിലിരുന്ന തോക്കിൽനിന്നു വെടിയേറ്റ് സിനിമാട്ടോഗ്രാഫർ ഹലീന ഹച്ചിൻസ് മരിക്കുകയും സംവിധായകൻ ജോയൽ സൂസയ്ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റമാണ് ബാൾഡ്വിന്നിനെതിരേ ചുമത്തിയത്. തോക്കിൽ യഥാർഥ വെടിയുണ്ടകൾ ഉണ്ടായിരുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് ബാൾഡ്വിൻ വാദിച്ചത്. കേസിലെ സുപ്രധാന തെളിവായ വെടിയുണ്ടകൾ പ്രോസിക്യൂഷൻ മറച്ചുവച്ചുവെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് ന്യൂ മെക്സിക്കോ സംസ്ഥാനത്തെ സാന്റാ ഫേയിലുള്ള കോടതി കേസ് തള്ളിയത്.