യാത്രക്കാരി എയർഹോസ്റ്റസിനെ കടിച്ചു, വിമാനം അടിയന്തര ലാൻഡിംഗ് നടത്തി
Saturday, July 13, 2024 12:57 AM IST
ഒർലാൻഡോ: യാത്രക്കാരി അക്രമാസക്തയായി എയർഹോസ്റ്റസിനെ കടിച്ചതിനെത്തുടർന്ന് വിമാനം അടിയന്തര ലാൻഡിംഗ് നടത്തി. കഴിഞ്ഞദിവസം അമേരിക്കയിലെ ഒർലാൻഡോയിലായിരുന്നു സംഭവം.
മിയാമിയിൽനിന്ന് ന്യൂജഴ്സിക്കടുത്ത ന്യുവാർക്കിലേക്ക് പോകുകയായിരുന്ന യുണൈറ്റഡ് എയർലൈൻസ് 762 വിമാനത്തിലെ യാത്രക്കാരിയാണ് അക്രമാസക്തയായത്. സ്ഥിതിഗതികൾ ശാന്തമാക്കാൻ വിമാനജീവനക്കാർ ശ്രമിച്ചെന്നും ഒർലാൻഡോയിൽ ഇറങ്ങിയശേഷം നിയമപാലകരെത്തി പ്രശ്നക്കാരിയായ യാത്രക്കാരിയെ നീക്കിയെന്നും വിമാനക്കന്പനി അറിയിച്ചു.
യാത്രക്കാരുടെയും സഹജീവനക്കാരുടെയും സുരക്ഷിതത്വം ഉറപ്പുവരുത്താൻ തികഞ്ഞ പ്രഫഷണലിസത്തോടെ പെരുമാറിയ ജീവനക്കാരോട് നന്ദിയുണ്ടെന്നും കന്പനി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.