യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയെ ചൈന സഹായിക്കുന്നു: നാറ്റോ
Friday, July 12, 2024 1:47 AM IST
വാഷിംഗ്ടൺ ഡിസി: യുക്രെയ്ൻ അധിനിവേശത്തിനു റഷ്യയെ ചൈന സഹായിക്കുന്നതായി അമേരിക്കയിലെ നാറ്റോ ഉച്ചകോടി കുറ്റപ്പെടുത്തി. പാശ്ചാത്യരുടെ സുരക്ഷാ താത്പര്യങ്ങൾക്ക് ചൈന വെല്ലുവിളിയായി തുടരുകയാണെന്നും നാറ്റോ രൂപീകൃതമായതിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള ഉച്ചകോടി പുറത്തിറക്കിയ പ്രഖ്യാപനത്തിൽ ചൂണ്ടിക്കാട്ടി.
റഷ്യയും ചൈനയും തമ്മിലുള്ള തന്ത്രപങ്കാളിത്തം, നിയമവാഴ്ചയിൽ അധിഷ്ഠിതമായ അന്താരാഷ്ട്ര സംവിധാനങ്ങളെ മാറ്റിമറിക്കുന്നത് ഉത്കണ്ഠാജനകമാണ്. സാമഗ്രികളും സാങ്കേതികവിദ്യയും നല്കി ചൈന റഷ്യൻ പ്രതിരോധ മേഖലയെ സഹായിക്കുന്നു. സൈബർ ആക്രമണങ്ങളിലും ചൈനയ്ക്കു പങ്കുണ്ടെന്നു നാറ്റോ രാജ്യങ്ങൾ ഒപ്പുവച്ച പ്രഖ്യാപനം കുറ്റപ്പെടുത്തി.
അതേസമയം, ആരോപണങ്ങളോടു കടുത്ത ഭാഷയിലാണു ചൈന പ്രതികരിച്ചത്. യുക്രെയ്ൻ പ്രശ്നത്തിൽ ഒരു കക്ഷിക്കും ചൈന മാരകായുധങ്ങൾ നല്കുന്നില്ല. ചൈനയല്ല യുക്രെയ്ൻ പ്രതിസന്ധി സൃഷ്ടിച്ചത്. യുക്രെയ്ൻ പ്രശ്നത്തിൽ മറ്റുള്ളവരെ ബലിയാടാക്കി സംഘർഷം വർധിപ്പിക്കുന്ന നടപടികളാണു നാറ്റോ ചെയ്യുന്നത്.
സമാധാന ചർച്ചകളിലൂടെ പ്രശ്ന പരിഹാരം കണ്ടെത്തണമെന്നതാണു ചൈനയുടെ നിലപാട്. നാറ്റോ സഖ്യം ഏഷ്യാ പസഫിക്കിലേക്കു വ്യാപിക്കാൻ ശ്രമിക്കുന്നതായും മേഖലയിലെ സമാധാനത്തിനു വിഘാതം സൃഷ്ടിക്കുന്നതായും ചൈന ആരോപിച്ചു.
യുക്രെയ്ന് നാറ്റോ അംഗത്വം ലഭിച്ചിരിക്കും
യുക്രെയ്നു നാറ്റോയിൽ അംഗത്വം ലഭിച്ചിരിക്കുമെന്ന് ഉച്ചകോടി ഉറപ്പു നല്കി. അതേസമയം അംഗത്വം എന്ന് ലഭിക്കുമെന്നതു വ്യക്തമാക്കിയില്ല.
റഷ്യൻ അധിനിവേശം നേരിടുന്ന യുക്രെയ്ന് നാറ്റോയുടെ ഇളക്കമില്ലാത്ത പിന്തുണ ഉണ്ടായിരിക്കും.
അടുത്ത വർഷം അത്യാധുനിക എഫ്-16 യുദ്ധവിമാനങ്ങളടക്കം 4000 കോടി ഡോളറിന്റെ സൈനികസഹായം യുക്രെയ്നു നാറ്റോ ലഭ്യമാക്കും. സൈനികസഹായം ഏകോപിപ്പിക്കുന്നതിനായി പ്രത്യേക യൂണിറ്റ് സ്ഥാപിക്കാൻ നാറ്റോ അംഗങ്ങൾ തീരുമാനിച്ചു.
യുക്രെയ്നുള്ള പിന്തുണ ദാനധർമമല്ലെന്നും നാറ്റോയുടെ സ്വന്തം സുരക്ഷയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും നാറ്റോ മേധാവി യെൻസ് സ്റ്റോൾട്ടൻബെർഗ് പറഞ്ഞു.