ടിക് ടോക്കിൽ പ്രസിഡന്റിന് അവഹേളനം: യുഗാണ്ടൻ യുവാവിന് ആറു വർഷം തടവ്
Friday, July 12, 2024 1:47 AM IST
കംപാല: പ്രസിഡന്റിനെയും കുടുംബത്തെയും ടിക് ടോക്കിലൂടെ വിമർശിച്ചുവെന്ന കുറ്റത്തിന് യുഗാണ്ടൻ കോടതി ആറു വർഷം തടവുശിക്ഷ വിധിച്ചു.
ഇരുപത്തിനാലുകാരനായ അവേബ്വ ആണു ശിക്ഷിക്കപ്പെട്ടത്. പ്രസിഡന്റ് യൊവേരി മുസവേനി, പ്രഥമവനിത ജാനറ്റ്, ഇവരുടെ മകനും പട്ടാളമേധാവിയുമായ മുഹൂസി എന്നിവർക്കെതിരേ വിദ്വേഷജനക പരാമർശങ്ങൾ നടത്തിയെന്നാണു കോടതി കണ്ടെത്തിയത്. പ്രസിഡന്റ് നികുതി വർധിപ്പിക്കുമെന്ന മറ്റൊരു പരാമർശം അധിക്ഷേപമാണെന്നും വിലയിരുത്തി.
പ്രതി കോടതിയിൽ കുറ്റം സമ്മതിച്ചു മാപ്പു ചോദിച്ചിരുന്നു. എന്നാൽ, പ്രതിക്കു പശ്ചാത്താപമില്ലെന്നും പ്രസിഡന്റിനെയും കുടുംബത്തെയും മാനിക്കാൻ പഠിക്കേണ്ടതുണ്ടെന്നും പറഞ്ഞ് കോടതി ശിക്ഷ വിധിക്കുകയായിരുന്നു.
യുഗാണ്ടയിൽ അഭിപ്രായസ്വാതന്ത്ര്യം അടിച്ചമർത്തുന്നതായി മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു.