പ്രധാനമന്ത്രി മോദിയുടെ റഷ്യൻ സന്ദർശനം തുടങ്ങി
Tuesday, July 9, 2024 2:20 AM IST
മോസ്കോ: ഇന്ത്യ-റഷ്യ ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ റഷ്യയിലെത്തി.
പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി ചർച്ച നടത്തുന്ന മോദി, 22-ാമത് ഇന്ത്യ-റഷ്യ ഉച്ചകോടിയിൽ ഊർജം,വാണിജ്യം,പ്രതിരോധം എന്നീ മേഖകളിലെ പരസ്പര സഹകരണം ശക്തമാക്കാനുള്ള പദ്ധതികളിൽ ഒപ്പുവയ്ക്കും. മോസ്കോ വിമാനത്താവളത്തിൽ ഉപമുഖ്യമന്ത്രി ഡെനിസ് മൻടുറോവ് മോദിയെ സ്വീകരിച്ചു. തുടർന്ന് മോദിക്ക് ഗാർഡ് ഓഫ് ഓണർ നല്കി.
ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് റഷ്യ സന്ദർശിച്ച വേളയിലും മൻടുറോവാണ് സ്വീകരിക്കാൻ മോസ്കോയിലെത്തിയത്. റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ച ഫെബ്രുവരി 2022നുശേഷം മോദി ഇതാദ്യമായാണ് റഷ്യയിലെത്തുന്നത്. പുടിൻ ഇന്നലെ രാത്രി മോദിക്ക് അത്താഴവിരുന്നൊരുക്കി.
റഷ്യയിലെ ഇന്ത്യൻ വംശജരുമായും മോദി കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ എക്സിലൂടെ അറിയിച്ചു. ജനങ്ങളുടെ സമാധാനത്തിനും സ്ഥിരതയ്ക്കുംവേണ്ടി ഇന്ത്യയുടെ പിന്തുണയുണ്ടാകുമെന്ന്, റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ പരാമർശിക്കാതെ മോദി എക്സിൽ കുറിച്ചു.
റഷ്യയുടെ യുക്രെയ്ൻ ആക്രമണത്തെ ഇന്ത്യ ഇതുവരെ അപലപിച്ചിട്ടില്ല. യുക്രെയ്ൻ യുദ്ധപശ്ചാത്തലത്തിൽ മോദിയും പുടിനും നിരവധി തവണ ടെലിഫോണിലൂടെ ചർച്ചകൾ നടത്തിയിട്ടുണ്ട്. നയതന്ത്രശ്രമങ്ങളിലൂടെയും സമാധാന ചർച്ചകളിലൂടെയും യുക്രെയ്ൻ പ്രശ്നം പരിഹരിക്കണമെന്ന താണ് ഇന്ത്യയുടെ നയം.