ഫ്രാൻസ് വിധിയെഴുതി
Monday, July 8, 2024 1:07 AM IST
പാരീസ്: ഫ്രഞ്ച് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മരീൻ ലെ പെൻ നേതൃത്വം നല്കുന്ന തീവ്രവലതുപക്ഷ പാർട്ടിയായ നാഷണൽ റാലി ഒന്നാമതെത്താമെങ്കിലും കേവലഭൂരിപക്ഷം നേടിയേക്കില്ല. ഇന്നലെ നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പിൽ പോളിംഗ് നിരക്ക് ഉയരുമെന്ന സൂചനയാണു ലഭിക്കുന്നത്.
തീവ്രവലതുപക്ഷം സർക്കാർ രൂപവത്കരിക്കുന്നതു തടയാൻ മധ്യ, ഇടതുപക്ഷ പാർട്ടികൾ തമ്മിലുണ്ടാക്കിയ നീക്കുപോക്കുകൾ ഫലം കണ്ടേക്കും. പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ റിനേസെൻസ് പാർട്ടിയും ഇടതു പാർട്ടികളും ജയസാധ്യത നഷ്ടപ്പെടാതിരിക്കാൻ ഒട്ടേറെ സീറ്റുകളിൽ പരസ്പരം സ്ഥാനാർഥികളെ പിൻവലിച്ചിരുന്നു.
577 അംഗ പാർലമെന്റിൽ 289 സീറ്റുകളാണു ഭൂരിപക്ഷത്തിനു വേണ്ടത്. നാഷണൽ റാലി 170 മുതൽ 210 വരെ സീറ്റുകൾ നേടുമെന്നാണ് അഭിപ്രായസർവേകൾ പ്രവചിച്ചിട്ടുള്ളത്. ഇടതുപക്ഷ കൂട്ടായ്മയായ ന്യൂ പോപ്പുലർ ഫ്രണ്ട് 145-185 സീറ്റുകളും മധ്യനിലപാടുകളുള്ള മക്രോണിന്റെ സഖ്യം 118-150 സീറ്റുകളും നേടിയേക്കാം. പ്രവചനങ്ങൾ ശരിയായാൽ ഇടതു, മധ്യ കക്ഷികളുടെ വിപുലമായ സഖ്യം രൂപവത്കരിച്ച് നാഷണൽ റാലിയെ ഭരണത്തിൽനിന്ന് അകറ്റിനിർത്താനും ഗബ്രിയേൽ അത്താലിനെ പ്രധാനമന്ത്രിയായി നിലനിർത്താനും മക്രോണിനു കഴിയും.
കഴിഞ്ഞ മാസത്തെ യൂറോപ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ നാഷണൽ റാലി വൻ വിജയം നേടിയ പശ്ചാത്തലത്തിൽ മക്രോൺ, മൂന്നു വർഷംകൂടി കാലവധിയുള്ള പാർലമെന്റ് പിരിച്ചുവിട്ട് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. ജൂൺ 30നു നടന്ന ഒന്നാം ഘട്ട തെരഞ്ഞെടുപ്പിൽ മക്രോണിന്റെ പ്രതീക്ഷകളെ തകിടംമറിച്ച് നാഷണൽ റാലി വൻ വിജയത്തിലേക്കെന്ന സൂചന നല്കി. ഒന്നാം ഘട്ടത്തിൽ സ്ഥാനാർഥികളാരും അന്പതു ശതമാനത്തിനു മുകളിൽ വോട്ട് നേടാത്ത മണ്ഡലങ്ങളിലാണ് ഇന്നലെ രണ്ടാം ഘട്ടം നടന്നത്.