ഗാസാ വെടിനിർത്തൽ ചർച്ചയിൽ പ്രതീക്ഷ
Sunday, July 7, 2024 1:13 AM IST
കയ്റോ: ഗാസാ വെടിനിറുത്തലിന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവച്ച പദ്ധതിയിൽ ഹമാസ് അനുകൂല പ്രതികരണം അറിയിച്ചതായി റിപ്പോർട്ട്. ആദ്യം ഇസ്രേലി സേന ആക്രമണം അവസാനിപ്പിച്ചാലേ വെടിനിർത്തൽ യാഥാർഥ്യമാകൂ എന്ന പിടിവാശി ഹമാസ് ഉപേക്ഷിച്ചു.
മൂന്നു ഘട്ടങ്ങളായി നടപ്പാക്കുന്ന വെടിനിർത്തൽ പദ്ധതിയാണ് ജോ ബൈഡൻ ആഴ്ചകൾക്കു മുന്പ് അവതരിപ്പിച്ചത്. ഒന്നാം ഘട്ടത്തിൽ ഇസ്രേലി സേന ആറ് ആഴ്ച ആക്രമണം നിർത്തുകയും ഹമാസിന്റെ കസ്റ്റഡിയിലുള്ള ബന്ദികളിൽ വയോധികർ, രോഗികൾ, സ്ത്രീകൾ എന്നിവരെ മോചിപ്പിക്കുകയും ചെയ്യും.
രണ്ടാം ഘട്ടത്തിൽ ഇസ്രേലി സേന യുദ്ധം പൂർണമായി അവസാനിപ്പിച്ച് ഗാസയിൽനിന്ന് പിൻവാങ്ങുകയും ഹമാസിന്റെ കസ്റ്റഡിയിൽ അവശേഷിക്കുന്ന പുരുഷന്മാരെയും സൈനികരെയും മോചിപ്പിക്കുകയും മരിച്ച ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറുകയും ചെയ്യും. മൂന്നാം ഘട്ടത്തിൽ ഗാസയുടെ പുനർനിർമാണം നടക്കും.
വെടിനിർത്തൽ പദ്ധതിയിൽ ഹമാസ് നല്കിയ മറുപടിയുടെ വിശദാംശങ്ങൾ വ്യക്തമല്ലെങ്കിലും സമാധാനശ്രമങ്ങൾക്ക് വീണ്ടും ഊർജം കൈവന്നിട്ടുണ്ട്. ഖത്തറിൽ ഈയാഴ്ച വെടിനിർത്തൽ ചർച്ചകൾ ആരംഭിക്കുമെന്നാണു സൂചന. ഖത്തറിലേക്ക് പ്രതിനിധികളെ അയയ്ക്കാൻ ഇസ്രേലി മന്ത്രിസഭ വ്യാഴാഴ്ച തീരുമാനിച്ചിരുന്നു. ഇസ്രേലി ചാരസംഘടന മൊസാദിന്റെ തലവൻ ഡേവിഡ് ബാർണിയ ഖത്തറിലേക്കു പോയതായി റിപ്പോർട്ടുകളിൽ പറയുന്നു.
ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അൽതാനിയുമായി അദ്ദേഹം ചർച്ച നടത്തും. അതേസമയം, വെടിനിർത്തൽ യാഥാർഥ്യമാകണമെങ്കിൽ ഒട്ടേറെ അഭിപ്രായവ്യത്യസങ്ങളിൽ തീരുമാനമുണ്ടാകണമെന്ന സൂചനയും ഇസ്രേലി നേതൃത്വം നല്കിയിട്ടുണ്ട്.
ഹമാസിന്റെ ഭീകരാക്രമണത്തിൽ 1200ഓളം പേർ കൊല്ലപ്പെട്ടതിനു പിന്നാലെ ഇസ്രേലി സേന ഗാസയിൽ ആരംഭിച്ച പ്രത്യാക്രമണത്തിൽ ഇതുവരെ മരണം 38,000ത്തിനു മുകളിലായി.