ആദ്യ മലയാളി എംപിയായി കോട്ടയം സ്വദേശി സോജൻ ജോസഫ്
Saturday, July 6, 2024 2:15 AM IST
ഷൈമോൻ തോട്ടുങ്കൽ
ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്റിലേക്ക് ആദ്യമായി മലയാളി എംപി. കെന്റിലെ ആഷ്ഫോർഡ് മണ്ഡലത്തിൽനിന്നു ലേബർ സ്ഥാനാർഥിയായി മത്സരിച്ച കോട്ടയം കൈപ്പുഴ സ്വദേശി സോജൻ ജോസഫാണ് ബ്രിട്ടീഷ് പാർലമെന്റിലെത്തിയ ആദ്യ മലയാളി.
വർഷങ്ങളായി കൺസർവേറ്റിവ് പാർട്ടി കൈയടക്കി വച്ചിരുന്ന ആഷ്ഫോർഡ് മണ്ഡലം അട്ടിമറിയിലൂടെയാണ് സോജൻ ജോസഫ് പിടിച്ചെടുത്തത്.
കൺസർവറ്റിവ് സർക്കാരുകളിൽ സുപ്രധാന പദവികൾ വഹിച്ചിരുന്ന പ്രമുഖ നേതാവ് ഡാമിയൻ ഗ്രീനിനെ 1779 വോട്ടുകൾക്കാണ് സോജൻ പരാജയപ്പെടുത്തിയത്. ആഷ്ഫോർഡ് സിറ്റി കൗൺസിലിൽ കൗൺസിലറായിരുന്നു.
കോട്ടയം ഏറ്റുമാനൂരിനടത്തു കൈപ്പുഴയിൽനിന്ന് രണ്ടു പതിറ്റാണ്ടു മുന്‍പാണ് ചാമക്കാലായിൽ കുടുംബാംഗമായ സോജൻ യുകെയിലേക്ക് കുടിയേറിയത്. ആഷ്ഫോർഡ് എൻഎച്ച്എസ് ട്രസ്റ്റിൽ മേട്രണായിരുന്നു. ഏഴു വര്‍ഷമായി ലേബര്‍ പാര്‍ട്ടിയുടെയും 20 വര്‍ഷമായി പാര്‍ട്ടി യൂണിയനായ യൂനിസന്റെയും സജീവ പ്രവര്‍ത്തകനാണ്.