സംവാദത്തിൽ പതറി: സമ്മതിച്ച് ബൈഡൻ
Friday, July 5, 2024 12:39 AM IST
വാഷിംഗ്ടൺ ഡിസി: ഡോണൾഡ് ട്രംപുമായുള്ള സംവാദത്തിൽ അടിപതറിയെന്നു സമ്മതിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ.
എന്നാൽ, തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പിൻവലിക്കില്ലെന്നും പോരാട്ടം തുടരുമെന്നും റേഡിയോ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. സംവാദത്തിലെ പ്രകടനത്തിന്റെ പേരിലല്ല, വൈറ്റ്ഹൗസിലെ പ്രകടനത്തിന്റെ പേരിൽ തന്നെ വിലയിരുത്തണമെന്നും ബൈഡൻ അഭ്യർഥിച്ചു.
ഇതിനിടെ, ഡെമോക്രാറ്റിക് പാർട്ടിയിലെ മുതിർന്ന നേതാക്കളെ ശാന്തരാക്കാനുള്ള ശ്രമത്തിലാണു ബൈഡനെന്നും റിപ്പോർട്ടുണ്ട്. സംസ്ഥാന ഗവർണർമാർ അടക്കമുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ബൈഡന് ഉറച്ച പിന്തുണ ആവർത്തിച്ചിട്ടുണ്ട്.
‘ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥി ഞാനാണ്. എന്നെ ആരും പുറത്താക്കില്ല. ഞാൻ പോകുന്നില്ല. ഞാൻ മത്സരിക്കും’- എന്ന സന്ദേശം ബൈഡൻ കഴിഞ്ഞദിവസം പുറപ്പെടുവിച്ചു.
നവംബർ അഞ്ചിലെ തെരഞ്ഞെടുപ്പിനു മുന്നോടിയായി എതിർസ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡോണൾഡ് ട്രംപുമായുള്ള ആദ്യ പ്രസിഡൻഷ്യൽ സംവാദത്തിൽ മോശം പ്രകടനം കാഴ്ചവച്ച ബൈഡനുമേൽ സമ്മർദം ഏറിയിരിക്കുകയാണ്.
എൺപത്തൊന്നുകാരനായ ബൈഡന് വിജയിക്കാൻ കഴിയുമോ എന്ന ആശങ്ക ഡെമോക്രാറ്റിക് ക്യാന്പിൽ ശക്തമാണ്. കമലാ ഹാരിസിനെ സ്ഥാനാർഥിയാക്കണമെന്നു പാർട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നതായി റിപ്പോർട്ടുണ്ട്.
ഇതിനിടെ, ട്രംപിനു ജനപ്രീതി വർധിച്ചുവെന്ന അഭിപ്രായസർവേ ഫലങ്ങളും പുറത്തുവന്നിട്ടുണ്ട്.