ബ്രിട്ടനിൽ പൊതുതെരഞ്ഞെടുപ്പ് ഇന്ന്
Thursday, July 4, 2024 12:24 AM IST
ലണ്ടൻ: ബ്രിട്ടനിൽ നിർണായകമായ പൊതുതെരഞ്ഞെടുപ്പ് ഇന്ന്. ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനാക്കിന്റെ പാർട്ടി പരാജയപ്പെടുമെന്ന് അഭിപ്രായ സർവേകൾ. കെയ്ർ സ്റ്റാർമർ നേതൃത്വം നൽകുന്ന ലേബർ പാർട്ടി വൻ വിജയം നേടുമെന്നും പ്രതീക്ഷിക്കുന്നു.
എല്ലാ സർവേകളും കൺസർവേറ്റീവ് പാർട്ടിക്കു കനത്ത തിരിച്ചടിയാണ് പ്രവചിക്കുന്നത്. 14 വർഷത്തെ കൺസർവേറ്റീവ് ഭരണത്തിനു വിരാമമാകുമെന്നതിനേക്കാൾ പാർട്ടി ഭയപ്പെടുന്നത് ചരിത്രത്തിലെ ഏറ്റവും മോശമായ പരാജയമുണ്ടാകുമോയെന്നതാണ്.
പരാജയം സമ്മതിച്ചുകഴിഞ്ഞ സുനാക്കിന്റെ പാർട്ടി ശക്തമായ പ്രതിപക്ഷമാകാൻ വേണ്ട സീറ്റുകൾക്കായുള്ള പോരാട്ടത്തിലാണ്.
പിന്നീട് പശ്ചാത്തപിക്കാൻ ഇടവരുത്താത്ത തീരുമാനം എടുക്കണമെന്ന് കഴിഞ്ഞ ദിവസം സുനാക് വോട്ടർമാരെ ഓർമിപ്പിച്ചിരുന്നു. ലേബർ ഭരണം വന്നാൽ എല്ലാവർക്കും നികുതി വർധനയുണ്ടാകുമെന്നായിരുന്നു എക്സിൽ സുനാക് കുറിച്ചത്.