ഇറ്റാലിയൻ പാർലമെന്റിൽ കയ്യാങ്കളി
Friday, June 14, 2024 1:17 AM IST
റോം: ഇറ്റാലിയൻ പാർലമെന്റിൽ കൈയാങ്കളി. പരിക്കേറ്റ എംപിക്ക് പുറത്തുപോകാൻ വീൽച്ചെയർ വേണ്ടിവന്നു.
പ്രാദേശിക ഭരണകൂടങ്ങൾക്കു കൂടുതൽ സ്വയംഭരണാധികാരം നല്കാനുള്ള സർക്കാരിന്റെ വിവാദ ബില്ലിന്മേൽ ബുധനാഴ്ച നടന്ന ചർച്ചയ്ക്കിടെയായിരുന്നു കയ്യാങ്കളി.
പ്രതിപക്ഷ പാർട്ടിയായ ഫൈവ് സ്റ്റാർ മൂവ്മെന്റിലെ ലിയനാർദോ ഡോണോ വകുപ്പ് മന്ത്രി റോബെർട്ടോ കാൽഡെറോളിയെ സമീപിച്ച് ദേശീയപതാകകൊണ്ട് മുഖത്തിനു കുത്തി.
പാർലമെന്റിലെ രണ്ടു ക്ലർക്കുമാർ ഇടപെട്ട് ഡോണോയെ അനുനയിപ്പിക്കാൻ ശ്രമിച്ചു. സംഭവത്തിൽ ഭരണകക്ഷികളായ ലീഗ്, ബ്രദേഴ്സ് ഓഫ് ഇറ്റലി പാർട്ടികളിലെ എംപിമാരും ഇടപെട്ടതോടെ കയ്യാങ്കളി രൂക്ഷമായി.
കുഴഞ്ഞുവീണ ഡോണോയെ പാർലമെന്റിലെ മെഡിക്കൽ ജീവനക്കാർ വീൽചെയറിലാണു പുറത്തെത്തിച്ചത്. തൊഴിയേറ്റതിനുപുറമേ നെഞ്ചിൽ ഇടിയും കിട്ടിയപ്പോഴാണ് വീണതെന്ന് ഡോണോ പിന്നീട് പറഞ്ഞു. ബില്ലിന്മേൽ ചർച്ച തുടരുമെന്നാണ് അറിയിപ്പ്.