മലാവി വൈസ് പ്രസിഡന്റ് വിമാനം തകർന്നു മരിച്ചു
Tuesday, June 11, 2024 11:58 PM IST
ലിലോംഗ്വേ: തെക്കുകിഴക്കൻ ആഫ്രിക്കൻ രാജ്യമായ മലാവിയിലെ വൈസ് പ്രസിഡന്റ് സാലോസ് ഷിലിമ (51) അടക്കം പത്തു പേർ വിമാനം തകർന്നു മരിച്ചതായി സ്ഥിരീകരിച്ചു. തിങ്കളാഴ്ച ഇവർ സഞ്ചരിച്ച വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമായിരുന്നു.
രക്ഷാപ്രവർത്തകർ തകർന്ന വിമാനം കണ്ടെത്തിയെന്നും ആരും ജീവനോടെയില്ലെന്നും പ്രസിഡന്റ് ലാസറസ് ചക്വേര അറിയിച്ചു. മരിച്ചവരിൽ മുൻ പ്രഥമ വനിത ഷാനിൽ ഡിസിംബിരിയും ഉൾപ്പെടുന്നു.
കുറച്ചു ദിവസം മുന്പ് അന്തരിച്ച മുൻ മന്ത്രി റാൽഫ് കസംബാരയുടെ സംസ്കാരച്ചടങ്ങിൽ ഗവൺമെന്റിന്റെ ഔദ്യോഗിക പ്രതിനിധിയായി പങ്കെടുക്കാനാണ് സാലോസ് ഷിലിമയും സംഘവും തിങ്കളാഴ്ച രാവിലെ തലസ്ഥാനമായ ലിലോംഗ്വേയിൽനിന്ന് സൈനിക വിമാനത്തിൽ യാത്ര തുടങ്ങിയത്.
കാലാവസ്ഥ മോശമായതിനെത്തുടർന്ന് തിരിച്ചു പറന്ന വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. ചികാംഗ്വാവ വനത്തിൽ തകർന്നുവീണെന്ന അനുമാനത്തിലാണ് തെരച്ചിൽ നടത്തിയത്.
2014ൽ വൈസ് പ്രസിഡന്റായ സാലോസ് ഷിലിമ ജനപ്രിയ നേതാവായിരുന്നു. 2022ൽ കൈക്കൂലി വാങ്ങിയെന്ന കുറ്റത്തിന് അറസ്റ്റിലായെങ്കിലും കോടതി കഴിഞ്ഞമാസം പ്രത്യേക കാരണമെന്നും പറയാതെ കേസ് തള്ളിക്കളഞ്ഞു.