ലെബനനിലെ യുഎസ് എംബസിക്കു പുറത്ത് വെടിവയ്പ്
Thursday, June 6, 2024 1:49 AM IST
ബെയ്റൂട്ട്: ലെബനനിൽ ബെയ്റൂട്ടിലുള്ള യുഎസ് എംബസിക്കു പുറത്ത് വെടിവയ്പ് നടത്തിയയാൾ പിടിയിൽ. സിറിയൻ പൗരനാണു വെടിയുതിർത്തതെന്നുമാത്രമാണ് ലെബനീസ് സൈനികർ പുറത്തുവിടുന്ന വിവരം. സൈന്യത്തിന്റെ പ്രത്യാക്രമണത്തിൽ പരിക്കേറ്റ അക്രമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആക്രമണകാരണം വ്യക്തമല്ല. അതേസമയം ഇസ്ലാമിക് സ്റ്റേറ്റ് എന്ന് അറബിയിൽ എഴുതിയ കറുത്ത ഷർട്ട് ധരിച്ച അക്രമിയുടെ ചിത്രം ലബനീസ് മാധ്യമങ്ങൾ പുറത്തുവിട്ടു. വസ്ത്രത്തിൽ ഇംഗ്ലീഷിൽ ഐഎസ് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
അരമണിക്കൂറോളം എംബസിക്കു പുറത്ത് വെടിവയ്പ് നടന്നതായാണു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എംബസിയുടെ പ്രവേശനകവാടത്തിൽ എത്തിയ അക്രമി റൈഫിൾ ഉപയോഗിച്ച് വെടിയുതിർക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ആക്രമണത്തിൽ ജീവനക്കാർക്ക് പരിക്കേറ്റിട്ടില്ലെന്നും ലെബനൻ സൈനികരും എംബസിയിലെ സുരക്ഷാ ഉദ്യോഗസ്ഥരും അതിവേഗം സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതായി യുഎസ് എംബസി വിശദീകരിച്ചു.