കോംഗോയിൽ ക്രൈസ്തവരെ കൊലപ്പെടുത്തിയ സംഭവം ; മാർപാപ്പ ആശങ്ക രേഖപ്പെടുത്തി
Saturday, June 1, 2024 1:57 AM IST
വത്തിക്കാൻ: ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ 14 കത്തോലിക്കരെ ഭീകരർ കൊലപ്പെടുത്തിയ സംഭവത്തിൽ ഫ്രാൻസിസ് മാർപാപ്പ ആശങ്കയും ദുഃഖവും രേഖപ്പെടുത്തി.
“കോംഗോയിൽനിന്നുള്ള ഒരു കൂട്ടം കത്തോലിക്കർ വടക്കൻ കിവുവിൽനിന്ന് ഈ അടുത്ത ദിവസങ്ങളിൽ നൽകിയ രക്തസാക്ഷിത്വത്തിന്റെ സാക്ഷ്യത്തിന് ദൈവത്തിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ക്രിസ്ത്യാനികളായതിനാലും ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കാത്തതിനാലുമാണ് അവരെ കഴുത്ത് മുറിച്ചു കൊലപ്പെടുത്തിയത്’’- ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.
ഇതുരി സംസ്ഥാനത്തെ വടക്കൻ കിവുവിനടുത്ത് ക്രൈസ്തവ ഗ്രാമമായ നിദിമൊയിൽ കഴിഞ്ഞ 13നായിരുന്നു സംഭവം. ഇസ്ലാമിലേക്കു മതപരിവർത്തനം ചെയ്യണമെന്ന ഭീഷണി തള്ളിയതിന് യുവാക്കളുൾപ്പെടെ 14 കത്തോലിക്കരെ ഭീകരർ ശിരച്ഛേദം ചെയ്തു കൊലപ്പെടുത്തുകയായിരുന്നു.
നിരവധി ഗ്രാമവാസികളെ തട്ടിക്കൊണ്ടുപോയ ഭീകരർ വീടുകൾക്ക് തീവയ്ക്കുകയും ചെയ്തിരുന്നു. ഐഎസുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ് എന്ന ഇസ്ലാമിക സംഘടനയാണ് ക്രൂരകൃത്യം നടത്തിയത്.