പാപ്പുവ ന്യൂഗിനിയയിൽ 670 പേർ മരിച്ചിരിക്കാമെന്ന് യുഎൻ ഏജൻസി
Monday, May 27, 2024 1:47 AM IST
പോർട്ട് മോറെസ്ബി: പാപ്പുവ ന്യൂ ഗിനിയയിൽ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ മണ്ണിടിച്ചിലിൽ 670 പേർ മരിച്ചിരിക്കാമെന്നു യുഎൻ വൃത്തങ്ങൾ സൂചിപ്പിച്ചു. രക്ഷാപ്രവർത്തനം അതീവദുഷ്കരമാണ്. അഞ്ചു മൃതദേഹങ്ങളാണ് ഇന്നലെവരെ കണ്ടെത്തിയത്.
എൻഗ പ്രവിശ്യയിലെ മലനിരകളിലുണ്ടായ മണ്ണിടിച്ചിലിന്റെ പ്രത്യാഘാതം വിചാരിച്ചതിലും ഏറെ വലുതാണെന്ന് യുഎൻ ഏജൻസിയായ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷന്റെ പാപ്പുവ ന്യൂഗിനിയ മേധാവി സെർഹാൻ അക്റ്റോപാർക്ക് പറഞ്ഞു.
150നു മുകളിൽ വീടുകളാണു മണ്ണിനടിയിലായത്. മരങ്ങളും കടപുഴകി. ചില സ്ഥലങ്ങളിൽ എട്ടു മീറ്റർ വരെ ആഴത്തിലാണു വീടുകളും മരങ്ങളും മൂടപ്പെട്ടിരിക്കുന്നത്.
ഭക്ഷ്യവസ്തുക്കൾ കൃഷി ചെയ്തിരുന്ന തോട്ടങ്ങളെല്ലാം നശിച്ചു. മേഖലയിൽ മണ്ണിടിച്ചിൽ തുടരുന്നതിനാൽ രക്ഷാപ്രവർത്തകർ വലിയ അപകടം നേരിടുന്നു. പ്രദേശവാസികൾ കന്പും കാർഷിക ഉപകരണങ്ങളും കൊണ്ട് തെരച്ചിലിനു സഹായിക്കുന്നുണ്ട്.
അപകടസമയത്ത് നാലായിരം പേർ മേഖലയിലുണ്ടായിരുന്നുവെന്നാണ് അനുമാനം. സംഖ്യ ഇതിലും കൂടാമെന്ന് ദുരന്തനിവാരണത്തിൽ സഹായം നല്കുന്ന കെയർ ഓസ്ട്രേലിയ സംഘടന പറഞ്ഞു. അയൽപ്രദേശങ്ങളിലെ ഗോത്രസംഘർഷങ്ങൾ മൂലം പലായനം ചെയ്തവർ ഇവിടെയെത്തിയിരുന്നു.