131 പേർ മരിച്ച തീപിടിത്തം മനുഷ്യസൃഷ്ടി; രണ്ടു പേർ അറസ്റ്റിൽ
Sunday, May 26, 2024 12:50 AM IST
സാന്തിയാഗോ: ചിലിയിൽ 137 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തം മനുഷ്യസൃഷ്ടിയെന്ന് അന്വേഷണസംഘം കണ്ടെത്തി. വനംവകുപ്പിലെയും അഗ്നിശമന സേനയിലെയും ഓരോ ഉദ്യോഗസ്ഥർ സംഭവത്തിൽ അറസ്റ്റിലായി. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
ചിലിയിലെ വാൽപറൈസോ മേഖലയിൽ ഫെബ്രുവരിയിലുണ്ടായ വൻ തീപിടിത്തം 16,000 പേരെ ബാധിച്ചിരുന്നു.
ചിലിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തമായിരുന്നിത്. വിനോദസഞ്ചാരകേന്ദ്രമായ വിനാ ഡെൽ മാറിൽ വീടുകളും കെട്ടിടങ്ങളും നശിക്കുകയുണ്ടായി.
ഒരേസമയം പല സ്ഥലങ്ങളിൽ തീ കൊളുത്തിയതാണ് ദുരന്തത്തിനു കാരണമെന്ന് അന്വേഷകർ കണ്ടെത്തിയിരുന്നു. കാറ്റും ഉയർന്ന താപനിലയും തീ പടരാനിടയാക്കി.
കാട്ടുതീ നേരിടാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥനും അഗ്നിശമനസേനാംഗവുമാണ് അറസ്റ്റിലായിരിക്കുന്നത്. തീ കൊളുത്താൻ ഉപയോഗിച്ച വസ്തുക്കൾ ഇതിലൊരാളുടെ വീട്ടിൽനിന്നു കണ്ടെത്തി.