അമേരിക്കൻ ഡ്രോൺ വെടിവച്ചിട്ടെന്ന് ഹൂതികൾ
Sunday, May 19, 2024 1:38 AM IST
സനാ: അമേരിക്കൻ സേനയുടെ എംക്യു-9 റീപ്പർ ഡ്രോൺ വെടിവച്ചിട്ടതായി യെമനിലെ ഹൂതി വിമതർ അവകാശപ്പെട്ടു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവമെന്ന് ഹൂതി മിലിട്ടറി വക്താവ് യഹ്യ സാരീ പറഞ്ഞു. യെമനിലെ മാരിബ് മേഖലയിൽ പറന്ന ഡ്രോണിനെ മിസൈൽ ഉപയോഗിച്ചാണ് വീഴ്ത്തിയത്.
രാത്രിയിൽ മിസൈൽ തൊടുക്കുന്നതും ഡ്രോണിനെ വീഴ്ത്തുന്നതുമായ വീഡിയോ ഹൂതികൾ പുറത്തുവിട്ടു. തകർന്നുകിടക്കുന്ന ഡ്രോണിന്റെ മറ്റൊരു വീഡിയോയും ഇന്റർനെറ്റിൽ പ്രചരിച്ചു. മൂന്നു കോടി ഡോളർ വിലയുള്ള റീപ്പർ ഡ്രോണിന് 50,000 അടി ഉയരത്തിൽ 24 മണിക്കൂർ നിരീക്ഷണം നടത്താനാകും.
ഇറാന്റെ പിന്തുണയുള്ള ഹൂതികൾ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചെങ്കടലിലൂടെ പോകുന്ന ചരക്കുകപ്പലുകളെയും ആക്രമിക്കുന്നുണ്ട്. ഇന്നലെ പുലർച്ചെയും ഒരു കപ്പൽ ഹൂതി ആക്രമണം നേരിട്ടു.