ബെൽഗരോദിൽ മുറിവേറ്റു ; പ്രതിരോധമന്ത്രിയെ നീക്കി പുടിൻ
Tuesday, May 14, 2024 12:05 AM IST
മോസ്കോ: യുക്രെയ്ൻ യുദ്ധം തുടരുന്നതിനിടെ പ്രതിരോധമന്ത്രിയെ നീക്കി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. തന്റെ ദീർഘകാല സഹകാരിയായിരുന്ന പ്രതിരോധമന്ത്രി സെർജി ഷൊയ്ഗുവിനെയാണു പുടിൻ തത്സ്ഥാനത്തുനിന്നു നീക്കിയത്.
സാമ്പത്തിക വിദഗ്ധനും ഉപപ്രധാനമന്ത്രിയുമായ ആൻഡ്രി ബെലസോവായിരിക്കും ഷൊയ്ഗുവിന്റെ പകരക്കാരൻ. 68 കാരനായ ഷൊയ്ഗു 2012 മുതൽ പ്രതിരോധമന്ത്രിസ്ഥാനം വഹിച്ചുവരികയാണ്. യുക്രെയ്നുനേരേ സൈന്യത്തെ അയയ്ക്കാനുള്ള റഷ്യയുടെ തീരുമാനത്തിനു പിന്നിലെ പ്രധാനിയായിരുന്നു.
ഷൊയ്ഗുവിനെ റഷ്യൻ സെക്യൂരിറ്റി കൗൺസിലിന്റെ സെക്രട്ടറിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവിൽ പുടിൻ ഞായറാഴ്ച ഒപ്പുവച്ചു. യുക്രെയ്ൻ ആക്രമണത്തിൽ റഷ്യൻ അതിർത്തി നഗരമായ ബെൽഗരോദിൽ ബഹുനിലക്കെട്ടിടം തകർന്ന് 13 പേർ മരിച്ച സംഭവത്തിനു പിന്നാലെയാണു ഷെയ്ഗുവിനെ നീക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. റഷ്യൻ കാബിനറ്റിൽ പുനഃസംഘടനകൾ അപൂർവമാണ്. അതിനാൽത്തന്നെ വലിയ രാഷ്ട്രീയമാറ്റമായാണു നിരീക്ഷകർ ഇതിനെ കാണുന്നത്.
സാമ്പത്തിക വിദഗ്ധനെ പ്രതിരോധമന്ത്രാലയത്തിന്റെ ചുമതലയേൽപ്പിക്കാനുള്ള തീരുമാനം യുക്രെയ്ൻ യുദ്ധം നീണ്ടുപോകുന്നതും പ്രതിരോധ ബജറ്റ് വർധിക്കുന്നതും കാരണമാണ്. മുൻ റഷ്യൻ പ്രസിഡന്റ് ദിമത്രി മെദ്വദേവിനെയും സുരക്ഷാ കൗൺസലിൽ നിയമിച്ചിട്ടുണ്ട്.
പോരാട്ടം കനപ്പിച്ച് റഷ്യ
കീവ്: യുക്രെയ്ന് അമേരിക്കയുടെയും യൂറോപ്യൻ പങ്കാളികളുടെയും സഹായം എത്തുംമുൻപ് പ്രഹരമേൽപ്പിക്കാൻ പോരാട്ടം കനപ്പിച്ച് റഷ്യ. രണ്ട് അതിർത്തി പ്രദേശങ്ങളിലൂടെ മുന്നേറുന്ന റഷ്യൻ സൈന്യത്തെ തടഞ്ഞുനിർത്താൻ യുക്രെയ്ൻ പാടുപെടുകയാണ്. അതിർത്തിയിൽ കനത്ത പോരാട്ടം നടക്കുകയാണെന്നു യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി പറഞ്ഞു.
വരും ആഴ്ചകളിൽ അമേരിക്കയുടെയും യൂറോപ്യൻ പങ്കാളികളുടെയും സൈനിക സഹായം എത്തുന്നതിനുമുൻപ് യുക്രെയ്നെ തളർത്താനാണു റഷ്യൻ സേന ലക്ഷ്യമിടുന്നത്. രണ്ടു വർഷത്തെ യുദ്ധത്തിനിടയിലെ യുക്രെയ്ൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് പ്രതിരോധ വിദഗ്ധർ പറയുന്നു. റഷ്യ ഇത് അവസരമാക്കിയെടുത്തിരിക്കുകയാണ്.
ബെൽഗരോദിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 19 ആയി
മോസ്കോ: റഷ്യയിലെ ബെൽഗരോദ് മേഖലയിൽ യുക്രെയ്ൻ സേന നടത്തിയ ആക്രമണത്തിൽ ബഹുനിലക്കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി.
യുക്രെയ്ൻ ഷെല്ലിംഗിൽ ഞായറാഴ്ച പുലർച്ചെ 10 നിലക്കെട്ടിടമാണ് തകർന്നുവീണത്. ഞായറാഴ്ച വൈകുന്നേരമുണ്ടായ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. അഞ്ചു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.