അഫ്ഗാനിസ്ഥാനിൽ മിന്നൽപ്രളയം; 150 മരണം
Sunday, May 12, 2024 12:12 AM IST
കാബൂൾ: അഫ്ഗാനിസ്ഥാന്റെ വടക്കൻ മേഖലയിലുണ്ടായ മിന്നൽ പ്രളയത്തിൽ കുറഞ്ഞത് 150 പേർ മരിച്ചു. നൂറിലധികം പേർക്കു പരിക്കുണ്ട്.
ഒട്ടേറെപ്പേരെ കാണാതാവുകയും ചെയ്തു. ബാഗ്ലാൻ, തക്കർ പ്രവിശ്യകളിലുണ്ടായ കനത്ത മഴയാണ് ദുരന്തത്തിനു കാരണം. ബാഗ്ലാനിൽ 131ഉം തക്കറിൽ 20ഉം പേർ മരിച്ചതായി താലിബാന്റെ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
ബാഗ്ലാൻ പ്രവിശ്യയിലെ ഒട്ടേറെ ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. മഴ ഉടൻ ശമിക്കില്ലെന്നാണ് അനുമാനം. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് താലിബാൻ വൃത്തങ്ങൾ നല്കിയ സൂചന.