ഖാർകീവ് പിടിക്കാൻ റഷ്യ; പരാജയപ്പെടുത്തി യുക്രെയ്ൻ
Saturday, May 11, 2024 1:07 AM IST
കീവ്: യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവ് പിടിക്കാൻ റഷ്യൻ സേന ആക്രമണം ആരംഭിച്ചതായി റിപ്പോർട്ട്. അതിർത്തി കടക്കാൻ റഷ്യൻ സേന നടത്തിയ ശ്രമം പരാജയപ്പെടുത്തിയതായി യുക്രെയ്ൻ സേന അറിയിച്ചു.
വടക്കുകിഴക്കൻ യുക്രെയ്നിൽ റഷ്യൻ അതിർത്തിയോടു ചേർന്ന ഖാർകീവ് നഗരമാണ് റഷ്യൻ സേന അടുത്തതായി ലക്ഷ്യമിടുന്നതെന്ന് പാശ്ചാത്യ ഇന്റലിജൻസ് ഏജൻസികൾ വിലയിരുത്തുന്നു. നഗരം പിടിക്കാനായി വേനൽക്കാലത്ത് റഷ്യ വൻ ആക്രമണം നടത്തിയേക്കാം.
ഇന്നലത്തെ ആക്രമണത്തിൽ റഷ്യൻ സേനയ്ക്ക് യുക്രെയ്ൻ പ്രതിരോധം ഭേദിക്കാനായില്ല. ഒരു മീറ്റർ ഭൂമിപോലും നഷ്ടമായില്ലെന്നാണ് യുക്രെയ്ൻ വൃത്തങ്ങൾ പറഞ്ഞത്.
ഖാർകീവ് മേഖലയിലെ വോവ്ച്ചാൻസ്കിൽ ഇന്നലെ പുലർച്ചെ മുതൽ റഷ്യൻ സേന കനത്ത ആക്രമണം നടത്തി. പീരങ്കികളും വിമാനത്തിൽനിന്നു ബോംബുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഖാർകീവ് പിടിച്ചെടുക്കാനുള്ള ശേഷി റഷ്യൻ സേനയ്ക്കില്ലെന്നാണ് യുക്രെയ്ൻ വൃത്തങ്ങൾ അഭിപ്രായപ്പെട്ടത്.
കഴിഞ്ഞ വർഷം റഷ്യൻ അധിനിവേശ പ്രദേശങ്ങൾ പിടിച്ചെടുക്കാനായി യുക്രെയ്ൻ സേന നടത്തിയ പ്രത്യാക്രമണം പരാജയപ്പെട്ടിരുന്നു. ഇതിൽനിന്ന് ഊർജം ഉൾക്കൊണ്ട റഷ്യൻ സേന യുദ്ധത്തിൽ ചെറിയ നേട്ടങ്ങളുണ്ടാക്കിയിരുന്നു.
ബോഡി ഗാർഡിനെ സെലൻസ്കി പുറത്താക്കി
യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി തന്റെ ബോഡിഗാർഡ് യൂണിറ്റിന്റെ തലവൻ സെർഹി റഡ്ഡിനെ പുറത്താക്കി.
ഇതിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. എന്നാൽ, യൂണിറ്റിലെ രണ്ടു കേണൽമാർ സെലൻസ്കിയെ വധിക്കാനുള്ള റഷ്യൻ പദ്ധതിയുടെ പേരിൽ അറസ്റ്റിലായതിനു പിന്നാലെയാണു നടപടി.
സെലൻസ്കി അടക്കം ഉന്നത ഉദ്യോഗസ്ഥർക്കു സംരക്ഷണം നല്കുന്ന സ്റ്റേറ്റ് ഗാർഡ് അഡ്മിനിസ്ട്രേഷനിലെ കേണൽമാരാണു ചൊവ്വാഴ്ച അറസ്റ്റിലായത്. റഷ്യൻ സുരക്ഷാ ഏജൻസിയായ എഫ്എസ്ബിയുടെ ഏജന്റുമാരായിരുന്നു ഇവർ. മിലിട്ടറി ഇന്റലിജൻസ് മേധാവി കിറിലോ ബുഡാനോവ് അടക്കമുള്ളവരെ വധിക്കാനും ഇവർ ശ്രമിച്ചതായി ആരോപിക്കപ്പെടുന്നു.