ലാൻഡിംഗ് ഗിയർ കേടായ ബോയിംഗ് വിമാനം ഇടിച്ചിറക്കി
Thursday, May 9, 2024 1:50 AM IST
ഇസ്താംബൂൾ: ലാൻഡിംഗ് ഗിയർ വിടരാതിരുന്ന ചരക്കുവിമാനം റൺവേയിൽ ഇടിച്ചിറങ്ങി. തുർക്കിയിലെ ഇസ്താംബൂൾ വിമാനത്താവളത്തിലുണ്ടായ സംഭവത്തിൽ ആർക്കും പരിക്കില്ല.
അമേരിക്കൻ കൊറിയർ കന്പനിയായ ഫെഡ്എക്സിന്റെ ബോയിംഗ് 763 ചരക്കുവിമാനമാണ് പ്രതിസന്ധി നേരിട്ടത്. വിമാനം ഇറക്കാൻ ശ്രമിക്കവേ മുന്നിലെ ലാൻഡിംഗ് ഗിയർ (മുന്നിലെ ചക്രവും ഷോക്അബ്സോർബറും ഉൾപ്പെടുന്ന കാൽ) വിടരുന്നില്ലെന്നു മനസിലാക്കിയ പൈലറ്റ് അക്കാര്യം വിമാനത്താവളം അധികൃതരെ അറിയിച്ചു.
വിമാനത്താവള അധികൃതർ വിമാനം സുരക്ഷിതമായി ഇറക്കാനുള്ള നിർദേശങ്ങൾ നല്കുകയും റൺവേ പ്രത്യേക രീതിയിൽ സജ്ജമാക്കുകയും ചെയ്തു. ഇടിച്ചിറങ്ങിയ വിമാനം തീപ്പൊരി ചിതറിച്ചും പുകയുണ്ടാക്കിയും നിരങ്ങിനീങ്ങുകയായിരുന്നു.