ഹമാസ് വെടിനിർത്തലിനു സമ്മതിച്ചു ; റാഫ അതിർത്തി പിടിച്ച് ഇസ്രേലി സേന
Wednesday, May 8, 2024 1:06 AM IST
കയ്റോ: വെടിനിർത്തലിനു സമ്മതെന്നു ഹമാസ് അറിയിച്ചതിനു പിന്നാലെ ഇസ്രേലി സേന തെക്കൻ ഗാസയിലെ റാഫ അതിർത്തിയുടെ നിയന്ത്രണം പിടിച്ചു. പലസ്തീനികളോട് ഒഴിഞ്ഞു പോകാൻ നിർദേശിച്ചതിന്റെ പിറ്റേന്ന് ഇസ്രേലി ടാങ്കുകൾ റാഫയിലെത്തുകയായിരുന്നു.
റാഫയുടെ കിഴക്കൻ പ്രദേശത്തെ ഓപ്പറേഷൻ പരിമിതമായിരിക്കുമെന്നാണ് ഇസ്രേലി സേന അറിയിച്ചതെങ്കിലും ഒരു ലക്ഷം പലസ്തീനികൾക്ക് ഒഴിഞ്ഞുപോകേണ്ടിവന്നു. കഴിഞ്ഞ ദിവസം രാത്രി മേഖലയിൽ വ്യോമാക്രമണമുണ്ടായി.
ഗാസയുടെ മറ്റു പ്രദേശങ്ങളിലെ ആക്രമണങ്ങളിൽനിന്നു രക്ഷപ്പെട്ടോടിയ 14 ലക്ഷം പലസ്തീനികൾ അഭയം തേടിയിരിക്കുന്ന പ്രദേശമാണു റാഫ. ഈജിപ്ത് മാർഗം ഗാസയിലേക്കു സഹായവസ്തുക്കൾ പ്രവേശിക്കുന്നതും റാഫ വഴിയാണ്. ഹമാസ് നേതൃത്വം ഒളിച്ചിരിക്കുന്നത് ഇവിടെയാണെന്ന് ഇസ്രേലി സേന അനുമാനിക്കുന്നു.
അതേസമയം, ഹമാസ് അംഗീകരിച്ച വെടിനിർത്തൽ ധാരണ ഇസ്രയേലിനു സമ്മതമായിട്ടില്ല. ഇസ്രയേൽ ഉന്നയിക്കുന്ന അടിസ്ഥാന ആവശ്യങ്ങൾ ധാരണയിൽ ഇല്ലെന്ന് പ്രധാനമന്ത്രി നെതന്യാഹു ചൂണ്ടിക്കാട്ടി. എന്നാൽ, കയ്റോയിൽ നടക്കുന്ന വെടിനിർത്തൽ ചർച്ചയിലേക്ക് ഇസ്രയേൽ പ്രതിനിധി സംഘത്തെ അയച്ചിട്ടുണ്ട്.
വെടിനിർത്തലുമായി ബന്ധപ്പെട്ട നിർദേശങ്ങൾ അംഗീകരിക്കുന്നതായി ഹമാസ് നേതാവ് ഇസ്മയിൽ ഹനിയ, മധ്യസ്ഥചർച്ചകൾക്കു നേതൃത്വം നല്കുന്ന ഖത്തർ-ഈജിപ്ഷ്യൻ നേതൃത്വത്തെ അറിയിക്കുകയായിരുന്നു. ഡിമാൻഡുകൾ അംഗീകരിച്ചാൽ എന്നെന്നേക്കുമായി ശത്രുത അവസാനിപ്പിക്കാൻ തയാറാണെന്നാണു ഹമാസ് വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ, ഹമാസ് സായുധപോരാട്ടം അവസാനിപ്പിക്കാനുള്ള ആലോചനയിലാണെന്ന് നിരീക്ഷകർ അഭിപ്രായപ്പെട്ടു.
അതേസമയം, ഹമാസ് അംഗീകരിച്ചിരിക്കുന്ന നിർദേശങ്ങളെക്കുറിച്ചു വ്യക്തതയില്ല. 42 ദിവസം വച്ചുള്ള രണ്ടുഘട്ട വെടിനിർത്തൽ ധാരണയാണു ഹമാസ് ഉദ്ദേശിക്കുന്നതെന്നു റിപ്പോർട്ടുണ്ട്. ഒന്നാം ഘട്ടത്തിൽ ഹമാസിന്റെ കസ്റ്റഡിയിലുള്ള ഇസ്രേലി വനിതാ സൈനികരെ മോചിപ്പിക്കും.
പകരം ഒരാൾക്ക് 50 പേരെന്ന നിലയിൽ ഇസ്രേലി ജയിലുകളിലുള്ള പലസ്തീൻ തടവുകാരെ വിട്ടയയ്ക്കും. വെടിനിർത്തൽ തുടങ്ങി 11 ദിവസങ്ങൾക്കുശേഷം ഇസ്രേലി സേന ഗാസയിൽനിന്നു പിൻവാങ്ങാൻ തുടങ്ങും. പലസ്തീനികളെ അവരുടെ പ്രദേശങ്ങളിൽ മടങ്ങിയെത്താൻ അനുവദിക്കും.
രണ്ടാം ഘട്ടത്തിൽ എല്ലാവിധ ഏറ്റുമുട്ടലുകളും അവസാനിപ്പിച്ച് ഗാസയ്ക്കുള്ള ഉപരോധങ്ങൾ ഇസ്രയേൽ നീക്കും.
ഹമാസിന്റെ പ്രതികരണം പരിശോധിച്ച് ബന്ധപ്പെട്ട രാജ്യങ്ങളുമായി ചർച്ചചെയ്തു വരികയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ അറിയിച്ചു.
വെടിനിർത്തലിനു തടസം നിൽക്കുന്നുവെന്ന് യുഎസ് അടക്കമുള്ളവർ ആരോപിച്ച ഹമാസ് അനുകൂല പ്രതികരണം നല്കിയത് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവിനുമേൽ സമ്മർദം വർധിപ്പിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു.