ഹോളിവുഡ് നടൻ ബെർണാഡ് ഹിൽ അന്തരിച്ചു
Monday, May 6, 2024 1:15 AM IST
ലണ്ടൻ: ഹോളിവുഡ് നടൻ ബെർണാഡ് ഹിൽ (79) അന്തരിച്ചു. ‘ടൈറ്റാനിക്കി’ലെ ക്യാപ്റ്റൻ എഡ്വേഡ് സ്മിത്തിനെ അവിസ്മരണീയനാക്കിയ ബെർണാഡ് ഹിൽ ‘ലോഡ് ഓഫ് ദ റിംഗ്സ്: റിട്ടേണ്‍ ഓഫ് ദ കിംഗ്’ തുടങ്ങിയ ചിത്രങ്ങളിലും പ്രേക്ഷകരെ അന്പരപ്പിച്ചു.
ടെലിവിഷൻ, നാടക മേഖലകളിൽ അഞ്ചുപതിറ്റാണ്ടോളം തിളങ്ങിയ ബെർണാഡ് ഹിൽ മാഞ്ചസ്റ്ററിലെ ബ്ലാക്ലിയിൽ ഒരു ഖനി തൊഴിലാളി കുടുംബത്തിലാണ് ജനിച്ചത്. സേവേറിയൻ കോളജിലും തുടർന്ന് മാഞ്ചസ്റ്റർ പോളിടെക്നിക് സ്കൂൾ ഓഫ് ഡ്രാമയിലും പഠനത്തിനുശേഷം അഭിനയരംഗത്ത് സജീവമാവുകയായിരുന്നു.
റിച്ചാർഡ് ആറ്റൻബോറയുടെ ഗാന്ധിയിൽ സർജന്റ് പുട്ട്നാമിന്റെ വേഷം ചെയ്തതും ബെർണാഡ് ഹിൽ ആണ്. ഭാര്യ ബാർബറ ഹിൽ. ഗബ്രിയേലാണ് മകൻ.